ജീവിക്കാൻ മറന്ന് വാർദ്ധക്യം ദുഷ്കരമാക്കിയവർ

By Mathews Jacob March 29, 2025 20 min read

ജീവിക്കാൻ മറന്നുപോയ അബ്ദുൽ ഖാദറിൻ്റെ കഥ

ഒരു പുരുഷായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനായി ഉപയോഗിച്ചു പണി വാങ്ങിക്കൂട്ടിയ പലരും എൻ്റെ സുഹൃത്തുക്കളായിട്ടുണ്ട്. എന്നോടൊപ്പം 10 വർഷക്കാലം ജിദ്ദയിൽ ഉണ്ടായിരുന്ന എൻ്റെ സുഹൃത്ത് അബ്ദുൽ ഖാദർ ഒരു നല്ല ഉദാഹരണമാണ്. (വ്യക്തിപരമായ സ്വകാര്യത പരിഗണിച്ചു എൻ്റെ സുഹൃത്തിൻ്റെ ഇവിടെ കൊടുക്കുന്ന പേരും സ്ഥലവും ഫോട്ടോയും യഥാർത്ഥത്തിലുള്ളതല്ല.) 21 വയസ്സുള്ളപ്പോൾ, 1970 കളുടെ ആരംഭത്തിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയതാണ് അബ്ദുൽ ഖാദർ. 1996 ൽ ഞങ്ങൾ ജിദ്ദയിൽ കണ്ടുമുട്ടുമ്പോൾ അബ്ദുൽ ഖാദറിന് 46 വയസ്സുണ്ടായിരുന്നു. 2003 ൽ അദ്ദേഹം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോന്നു. അതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്തി. മകൾ ഭർത്താവിനോടൊപ്പം ഇംഗ്ലണ്ടിൽ ആയിരുന്നു. മകൻ നഴ്സിംഗ് പഠിച്ചതിനു ശേഷം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല ആശുപത്രികളിലും ജോലിചെയ്ത് റിയാദിൽ സർക്കാർ ആശുപത്രിയിൽ ജോലിക്കു കയറി.

അപ്പോഴാണ് ഒരു വലിയ വീട്ടിൽ ഭാര്യ തനിച്ചായിപ്പോയല്ലോയെന്ന ആവലാതി ഉണ്ടാവുകയും അബ്ദുൽ ഖാദർ നാട്ടിലേക്കു പോരുകയും ചെയ്തത്. പോരുമ്പോൾ ഒരു നല്ല സംഖ്യ കമ്പനിയിൽ നിന്നും കിട്ടി. കൂടാതെ ഏതാണ്ട് 33 വർഷക്കാലത്തെ സമ്പാദ്യമായും കുറേ പണം ഉണ്ടായിരുന്നു. വെറുതെ വീട്ടിലിരിക്കുന്നത് നല്ല കാര്യമല്ലല്ലോയെന്നു കരുതി അദ്ദേഹം ടൗണിൽ ഒരു ബിസിനസ്‌ ആരംഭിച്ചു. ഒരു കെട്ടിട നിർമ്മാണ സാമഗ്രികളുടെ കട. 2007 ൽ ഞാൻ എൻ്റെ മകൻ്റെ വിവാഹത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ ആ ടൗണിലെ ഏറ്റവും കൂടുതൽ വിറ്റുവരവുണ്ടായിരുന്ന കടയായിരുന്നു അത്.

ഇപ്പോഴും അബ്ദുൽ ഖാദർ എല്ലാ ദിവസവും രാവിലെ 9:30 ന് കട തുറക്കും. രാത്രി 8:30 ക്ക് കട അടയ്ക്കുന്നത് വരെയും ക്യാഷ് കൗണ്ടറിൽ അബ്ദുൽ ഖാദറാണ് ഇരിക്കുന്നത്. ദീർഘമായ ഈ ഇരിപ്പാണ് അബ്ദുൽ ഖാദറിൻ്റെ എല്ലാ അസുഖങ്ങൾക്കും കാരണമെന്നു ഇപ്പോൾ അദ്ദേഹം തിരിച്ചറിയുന്നുണ്ട്. വീട്ടിൽ ചെന്നപ്പോൾ ഭാര്യയുടെ പരിവേദനങ്ങളും കടയെക്കുറിച്ചായിരുന്നു. ഒന്നിനും സമയം കിട്ടുന്നില്ല. കല്യാണങ്ങൾക്ക് പലരും വിളിക്കും. പക്ഷെ, കട വീട്ടിട്ട് അബ്ദുൽ ഖാദറിന് വരാൻ പറ്റില്ല. താൻ തന്നെയായിരുന്നു എല്ലായിടത്തും പോയ്ക്കൊണ്ടിരുന്നത്. അസുഖമായതിനാൽ ഇപ്പോൾ അതും നിന്നു. 76 വയസ്സായ ഈ സമയത്തെങ്കിലും എന്തുകൊണ്ട് ഈ പരിപാടി നിർത്തി വീട്ടിൽ വിശ്രമിച്ചുകൂടായെന്നു ഞാൻ അബ്ദുൽ ഖാദറോടു ചോദിച്ചു. സർജറികൾ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കേണ്ടി വന്ന അവസരത്തിൽ തന്നെ അങ്ങിനെയൊരു വിശ്രമ ജീവിതം തനിക്ക് യോജിക്കുന്ന രീതിയല്ലായെന്ന് തിരിച്ചറിഞ്ഞുവെന്നാണ് അബ്ദുൽ ഖാദർ മറുപടി പറഞ്ഞത്. ഇതൊക്കെ നമ്മുടെ മനോഭാവത്തിൻ്റെ പല നിഴലാട്ടങ്ങളാണ്, അല്ലാതെ എനിക്ക് ഇതേ യോജിക്കൂ എന്നൊന്നും പറയുന്നതിൽ അർത്ഥമില്ല, മനോഭാവം മാറ്റിയാൽ നമ്മുക്കെന്തും യോജിക്കും എന്നൊക്കെ ഞാൻ പറഞ്ഞുനോക്കി. അദ്ദേഹം ചിരിച്ചുകൊണ്ടിരുന്നതേയുള്ളൂ.

Featured Image

അപകടം പിടിച്ച സംരംഭങ്ങളുടെ കഥകൾ

സംരംഭങ്ങൾ നടത്താൻ തുനിഞ്ഞിറങ്ങി ഇതിലും വലിയ പണി വാങ്ങിയവർ ധാരാളമുള്ള നാടാണല്ലോ നമ്മുടേത്. കോടിക്കണക്കിനു രൂപാ മുടക്കി കൺവെൻഷൻ സെന്റർ പണിഞ്ഞിട്ടു അത് പ്രവർത്തിപ്പിക്കുവാനുള്ള അനുമതി മുനിസിപ്പാലിറ്റി നിരാകരിച്ചതിനാൽ ആ ബിൽഡിങ്ങിൽ തന്നെ ആൽമഹത്യ ചെയ്ത ആന്തൂരിലെ സാജൻ എന്ന പ്രവാസിയുടെ കദനകഥ നമുക്കേവർക്കും അറിവുള്ളതാണല്ലോ!

Start Investment AssetPlus

സൈന്യത്തിൽ ആയിരുന്നപ്പോൾ വീശിഷ്ട സേവാ മെഡലും സ്പെഷ്യൽ സർവീസ് മെഡലും ഒക്കെ നേടിയ കോട്ടയം തിരുവാർപ്പ് സ്വദേശി രാജ്മോഹൻ എന്ന വിമുക്തഭടന് ഒരു ദുർബ്ബല നിമിഷത്തിൽ പ്രൈവറ്റ് ബസ്സുടമയാകണമെന്ന തീവ്രമായ ആഗ്രഹമുണ്ടായി. ചില തർക്കങ്ങളെ തുടർന്ന് അദ്ദേഹത്തിൻ്റെ ബസ്സിലെ തൊഴിലാളികൾ സമരം ചെയ്തു ബസ്സിൽ കൊടികുത്തി. തൊഴിലാളികളിൽ നിന്നും അദ്ദേഹത്തിന് പരിരക്ഷ കൊടുക്കണമെന്ന ഉത്തരവ് അനുസ്സരിച്ചു അദ്ദേഹം പോലീസിൻ്റെ കാവലിൽ ആയിരുന്നപ്പോൾ യൂണിയൻ പ്രവർത്തകർ അദ്ദേഹത്തെ മർദിക്കുന്ന രംഗങ്ങൾ നാം ടിവി യിൽ കണ്ടതാണ്.

Start Investment AssetPlus

തെറ്റായ നിക്ഷേപ മാർഗങ്ങൾ

സംരംഭങ്ങൾ നടത്തി അതികഠിനമായ മാനസിക സമ്മർദ്ദത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരെപ്പോലെ തന്നെ നിർഭാഗ്യരാണ് സമ്പാദിച്ച പണം തെറ്റായ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചവരും. പണം തിരിച്ചുചോദിക്കുമ്പോൾ നിക്ഷേപകന് ലഭിക്കുന്നത് പരിഹാസവും തല്ലും! നമ്മളെ ചതിക്കുഴിയിലാക്കി പണം അടിച്ചുമാറ്റാൻ ദുഷ്ടശക്തികൾ തക്കം പാർത്തിരിക്കുകയാണ്.

കഴിഞ്ഞ പല പതിറ്റാണ്ടുകളായി നല്ല രീതിയിൽ പ്രവർത്തിരിച്ചിരുന്ന പല സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നിക്ഷേപകരുടെ പണവുമായി ഒരു സുപ്രഭാതത്തിൽ മുങ്ങിയ സംഭവങ്ങൾ അനവധിയാണല്ലോ! അത്തരം കുടുംബ സ്ഥാപനങ്ങൾ ആ കുടുംബംഗങ്ങളിലെ അടുത്ത തലമുറകൾ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് ഒരു നിശ്ചയവുമുണ്ടാവില്ല.

ദുഷ്ടലാക്കുള്ള രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന ബാങ്കുകൾ ദുർഭരണത്തിൻറ്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇവിടെയൊന്നും നമ്മുടെ പണം സുരക്ഷിതമല്ല; അത്യാവശ്യം വരുമ്പോൾ പിൻവലിക്കാനും പറ്റില്ല. പെൻഷൻ പറ്റിയപ്പോൾ ലഭിച്ച മൊത്തം തുകയും തെറ്റായ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചു പലിശയോ മുതലോ ലഭിക്കാതെ, ആ പണം മാരകമായ അസുഖങ്ങൾ ഉണ്ടായപ്പോൾ ചികിത്സയ്ക്ക് ഉപയോഗിക്കാൻ പോലും സാധിക്കാതെ, ആൽമഹത്യ ചെയ്ത സംഭവങ്ങൾ അനവധിയാണ്.

ഭാഗ്യവാശാൽ, നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പണം നമ്മുടെയും നമ്മളെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ സുരക്ഷിതമായി നിക്ഷേപിക്കാൻ അനേകം അവസരങ്ങൾ ഇന്ന് നമ്മുടെ രാജ്യത്തുണ്ട്. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.

  • സ്ഥിരവരുമാന പോസ്റ്റ്‌ ഓഫീസ് നിക്ഷേപ പദ്ധതി (Post Office Monthly Income Scheme - POMIS
  • IRDAI (Insurance Regulatory Development Authority of India) അംഗീകാരമുള്ള ഇൻഷുറൻസ് കമ്പനികളുടെ പെൻഷൻ പ്ലാനുകൾ (Annuity Plans)
  • അംഗീകൃത ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ (Senior Citizen Savings Scheme - SCSS)
  • മൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങൾ (Systematic Withdrawal Plan - SWP)

ഇത്തരം അനേകം സാധ്യതകൾ നമ്മുക്ക് മുൻപിൽ തുറന്നു കിടക്കുമ്പോൾ ഒരിക്കലും ദുഷ്ട ശക്തികൾ ഒരുക്കുന്ന ചതിക്കുഴികളിൽ വീണ് നമ്മളുടെ ജീവിതകാലത്തെ മുഴുവൻ അധ്വാനത്തിൻറ്റെ ഫലവും നഷ്ടപ്പെടുത്തരുത്.