കണ്ണംകോട് പള്ളിയിലെ പള്ളിപ്പെരുന്നാൾ റാസ

By Mathews Jacob November 08, 2025 5 min read
Kannamkode Orthodox Cathedral

അടൂർ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ധീരമായ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അറിയുന്നു. എന്റെ ബാല്യകാലം മുതൽ ഞാൻ കണ്ടുവന്നിരുന്നതുപോലെ എല്ലാ വർഷവും ആഘോഷമായി നടത്തുന്ന പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള റാസ ഇത്തവണ തിരക്കേറിയ അടൂർ സെൻട്രലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ വഴിയും പോകാതെ, ഇടവകാംഗങ്ങൾ കൂടുതൽ താമസിക്കുന്ന പന്നിവിഴ ഭാഗത്തേക്ക്‌ പോകുവാൻ തീരുമാനിച്ചിരിക്കുന്നു. അടുത്ത വർഷം ഇത് കോട്ടമുകൾ ഭാഗത്തേക്കായിരിക്കും എന്ന ധാരണയും ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതനുസരിച്ച് നാട്ടിലെ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള നമ്മുടെ ആചാരാനുഷ്ടാനങ്ങൾക്കും മാറ്റമുണ്ടാവണമെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

എനിക്ക് ബാല്യം മുതൽ വലിയ ആൽമബന്ധമുള്ള ഒരു ദേവാലയമാണ് കണ്ണംകോട് പള്ളി. എന്റെ അമ്മയെ വിവാഹം കഴിക്കുന്നതു വരെ (1951) എന്റെ പിതാവ് ആ ഇടവകയിലെ അംഗമായിരുന്നു. പള്ളിയിലെ ട്രസ്‌റ്റിയും സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും ഒക്കെയായിരുന്നുവെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. പെരുന്നാൾ സമയങ്ങളിൽ വടക്കടത്തുകാവിലുള്ള എന്റെ കുടുംബവീട്ടിൽനിന്നും കൊടിമരത്തിനുവേണ്ടി അടയ്ക്കാമരം വെട്ടി ആഘോഷമായ ജാഥയായി പള്ളിയിലേക്ക് കൊണ്ടുവരുമായിരുന്നുവെന്ന് എന്റെ ജ്യേഷ്ട സഹോദരന്മാർ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. എന്റെ പിതാവിന്റെ സഹോദരിയുടെ കുടുംബമായ കരിമ്പന്നൂർ ഉൾപ്പെടെ അനേകം ബന്ധുവീടുകൾ ആ മഹാ ഇടവകയിലെ അംഗങ്ങളായിട്ടുണ്ട്. ഞാൻ സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് ഒരു പെരുന്നാൾ പോലും വിടുകില്ലായിരുന്നു. നാൽപ്പത്തിനാലു വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കി പെൻഷൻ ആയി നാട്ടിൽ തിരിച്ചെത്തിയതിനു ശേഷം എല്ലാ വർഷവും ഈ ദേവാലയത്തിൽനിന്നും നടത്തുന്ന അനുഗ്രഹകരമായ പരുമല പദയാത്രയിൽ മുടക്കമില്ലാതെ പങ്കെടുക്കുവാൻ എനിക്ക് സാധിച്ചിട്ടുള്ളത് വലിയ പുണ്യാനുഭവമായി കണക്കാക്കുന്നു.

കണ്ണംകോട് പള്ളിയുടെ പെരുന്നാളും, പാർത്ഥസാരഥി ക്ഷേത്രത്തിലെ ചിറപ്പും, അടൂർ വയൽവാണിഭവും, അമ്പിയിൽ വയലിലെ മരമടി മത്സരവും ഒക്കെ നാടിന്റെ ഉത്സവങ്ങൾ തന്നെയായിരുന്നു. വയൽവാണിഭവും മരമടിയുമൊക്ക വിസ്‌മൃതിയിലായി. പള്ളിപെരുന്നാളിലും അമ്പലത്തിലെ ചിറപ്പിലുമൊക്കെ കാലത്തിന്റെ മാറ്റത്തിനു അനുസൃതമായി വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.

മനുഷ്യ ശീലങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് വലിയ ബുദ്ധിമുട്ടാണ്. പൊതുജനങ്ങൾക്ക് ശല്യമാവുന്നുവെന്ന് തിരിച്ചറിഞ്ഞു, വർഷങ്ങളുടെ പാരമ്പര്യവും പെരുമയും അവകാശപ്പെടാവുന്ന ആചാരങ്ങളിലും ആഘോഷങ്ങളിലും കാലത്തിനൊത്ത മാറ്റങ്ങൾ വരുത്തുവാൻ തുനിഞ്ഞിറങ്ങിയവർക്ക്‌, പാരമ്പര്യവാദികളിൽ നിന്നും വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. അവയെയൊക്കെ വളരെ തന്മയത്വത്തോടെ അഭിമുഖീകരിച്ചു വിപ്ലവകരമായ ഈ മാറ്റത്തിനു ധൈര്യപൂർവ്വം തയ്യാറായ കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗങ്ങൾക്കും കമ്മിറ്റിയങ്ങൾക്കും വികാരിയച്ചനും അനുമോദനങ്ങളുടെ പൂച്ചെണ്ടുകൾ 💐. ദൈവകൃപയും ദൈവസ്നേഹവും നിഴലിക്കുന്ന ഈ വലിയ തീരുമാനം കൊണ്ട് ഇടവക ഒന്നടങ്കം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല. ഈ വർഷത്തെ പെരുന്നാളിന് എല്ലാ മംഗളങ്ങളും നേരുന്നു.