ഹിജാബിൽ ഒളിഞ്ഞിരിക്കുന്നത്

By Mathews Jacob October 18, 2025 10 min read

2025 ഒക്ടോബർ 7 മുതൽ കൊച്ചി പള്ളുരുത്തിയിലെ സെന്റ്‌ റീത്താ പബ്ലിക് സ്കൂളിൽ നിലനിന്ന ഹിജാബ് വിവാദം തികച്ചും യാദൃച്ഛികമായി ഉടലെടുത്തതായിരുന്നില്ലായെന്നും മറിച്ച് വലിയ ആസൂത്രണം അതിന്റെ പിന്നിലുണ്ടായിരുന്നുവെന്നുമാണ് പിന്നീടുള്ള സംഭവവികാസങ്ങൾ വെളിവാക്കുന്നത്. കേരള വിദ്യാഭ്യാസ മന്ത്രി ആദ്യം സ്വീകരിച്ച ചാഞ്ചാട്ടമുള്ള നിലപാടുകളും പിന്നീട് അദ്ദേഹം ഒരു പക്ഷത്തിന്റെ വക്താവായി പൂർണ്ണമായി നിലയുറപ്പിച്ചതും, പക്ഷം തിരിഞ്ഞുള്ള ചാനൽ വാഗ്വാദങ്ങളും ഒക്കെ ഈ നിഗമനം ശരിയാണെന്നു അടിവരയിട്ട് ഉറപ്പിക്കുന്നു.

St. Ritas School

നിലവിലുള്ള കോടതിയുത്തരവുകൾ അനുസരിച്ചു ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന അൺഎയിഡഡ് സ്‌കൂളിന് അവരുടെ യൂണിഫോം നിശ്ചയിക്കുകയും അത് പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രി അടുത്ത ദിവസം നിലപാട് മാറ്റി. എല്ലാ സ്‌കൂളുകളിലും ഹിജാബ് അനുവദിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്. കൂടാതെ, ഹിജാബ് അനുവദിച്ചില്ലെങ്കിൽ സെന്റ്‌ റീത്താ പബ്ലിക് സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നുള്ള ഭീഷണിയും വിദ്യാഭ്യാസ വകുപ്പ് മുഖേന സ്കൂൾ അധികൃതരെ അറിയിച്ചിട്ടുമുണ്ട്. സി.ബി.എസ്.ഇ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി, 30 വർഷമായി പാലിച്ചുപോരുന്നതും 2018 ൽ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ പിന്തുടരുന്നതുമായ കർശന യൂണിഫോം വ്യവസ്ഥകൾ ഉപേക്ഷിക്കണമെന്ന് നിർദ്ദേശിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് അധികാരമില്ലായെന്ന് ചൂണ്ടിക്കാണിച്ച് സ്കൂൾ അധികൃതർ കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

സെന്റ്‌ റീത്താ പബ്ലിക് സ്കൂൾ എന്ന കോൺവെൻറ് സ്കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പലും കുറേ അധ്യാപകരും ക്രൈസ്തവ സഭയിലെ സന്യാസിനികളാണ്. ഈ ക്രൈസ്തവ സന്യാസിനികൾ ശിരോവസ്ത്രം ധരിച്ചുകൊണ്ട് സ്‌കൂളിൽ വരുന്ന സ്ഥിതിക്ക് കുട്ടികൾ ശിരോവസ്ത്രം ധരിക്കാൻ പാടില്ലായെന്ന് അവർ തന്നെ പറയുന്നത് ശരികേടല്ലേയെന്നാണ് ഈ വിവാദങ്ങൾക്ക് തിരി കൊളുത്തിയവരും പിന്നീട് അവരുടെ പക്ഷം ചേർന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ആവർത്തിച്ചു ചോദിക്കുന്ന ചോദ്യം. പച്ചവെള്ളം ചവച്ചുകുടിക്കുന്ന നിഷ്‌ക്കളങ്കരായ മതേതരവാദികൾ, അഥവാ മതേതരവാദികളെന്നു അഭിനയിക്കുന്നവർ, മന്ത്രിക്ക് ഓശാന പാടുകയും എല്ലാ സ്‌കൂളുകളിലും ഹിജാബ് അനുവദിച്ച് മതേതരത്വം സംരക്ഷിക്കണമെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്നു.

തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിന്റെ പ്രിൻസിപ്പൽമാർ പലപ്പോഴും മലങ്കര കത്തോലിക്കാ സഭയിലെ അച്ചന്മാരായിരുന്നു. ആ സഭയിലെതന്നെ ബഥനി വിഭാഗത്തിലെ അച്ചന്മാർ കാവി ളോഹയാണ് ധരിക്കാറുള്ളത്. അങ്ങിനെ ഒരു പാതിരി പ്രിൻസിപ്പൽ ആയിരിക്കുമ്പോൾ ഏതെങ്കിലും വിദ്യാർത്ഥി കാവി മുണ്ടുടുത്ത് കോളേജിൽ വന്നാൽ ഈ ന്യായം അനുസ്സരിച്ചു ചോദ്യം ചെയ്യാൻ കഴിയില്ലല്ലോ! വളരെ ബാലിശമായ തർക്കങ്ങൾ എന്നേ പറയുവാൻ കഴിയൂ.

ഒരു കുട്ടി തലയിൽ തട്ടമിട്ടുകൊണ്ടു സ്‌കൂളിൽ വന്നാൽ ആകാശം ഇടിഞ്ഞുവീഴുമോ, അതങ്ങ് അനുവദിച്ചു കൊടുത്താൽപ്പോരേ എന്ന് ചോദിക്കുന്ന നിഷ്‌ക്കളങ്കർ സത്യത്തിൽ അത്ര നിഷ്‌ക്കളങ്കരാണോ, ഇതിന്റെ പിന്നിൽ ചില ഗൂഡോദ്ദേശങ്ങളില്ലേ എന്ന ചോദ്യങ്ങൾ ഇത്തരുണത്തിൽ പ്രസക്തമാണ്. ഇത് ഇസ്ലാമും ക്രൈസ്തവരും തമ്മിലുള്ള ഒരു പോരെന്ന രീതിയിൽ ചിത്രീകരിക്കുന്നതും വക്രതയാണ്. അങ്ങിനെ കുളം കലക്കി, ഞങ്ങൾ നിങ്ങളോടൊപ്പമാണെന്ന് ബോധ്യപ്പെടുത്തി സംഘടിത വോട്ട് ബാങ്ക് തങ്ങൾക്ക് അനുകൂലമാക്കാനുള്ള ഒരു വ്യഗ്രത രാഷ്ട്രീയപ്പാർട്ടികൾ കാട്ടുന്നുവെന്നത് പകൽപോലെ വ്യക്തമായ കാര്യമാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകളിലെ ചാഞ്ചാട്ടവും മറ്റൊന്നുംകൊണ്ടല്ല.

കാര്യങ്ങൾ സൂഷ്മമായി വീക്ഷിക്കുന്നവർക്ക് മുസ്ലിം സമുദായത്തിലെ യാഥാസ്ഥിതികരും പുരോഗമനവാദികളും തമ്മിലുള്ള ഒരു അപ്രഖ്യാപിത യുദ്ധത്തിന്റെ ഭാഗമായി ഈ സംഭവങ്ങളെ കൃത്യമായി കാണുവാൻ കഴിയും. മതം അനുശാസിക്കുന്ന പരമ്പരാഗതമായ രീതിയിൽ ശരീരം മറച്ചുകൊണ്ട്, മറ്റു മതസ്ഥരുമായി വളരെ വ്യത്യസ്ഥരാണ് തങ്ങൾ എന്ന ബോധത്തോടെ, കലാപരിശീലനങ്ങളിലൊ സുംബാ ഡാൻസ്‌ പോലെയുള്ള കായിക പരിശീലനങ്ങളിലൊ ഒന്നും ഏർപ്പെടാതെ മുസ്ലിം പെൺകുട്ടികൾ ഒറ്റപ്പെട്ട ജീവിതം നയിക്കണമെന്ന ആഗ്രഹമാണ് യാഥാസ്ഥിതികർക്കുള്ളത്. ഇക്കൂട്ടർ തന്നെയാണ് നാലും അഞ്ചും വിവാഹം കഴിക്കുന്നത് തങ്ങളുടെ ജന്മാവകാശമാണ്, സ്ത്രീകൾ പുരുഷന്മാരുടെ ഭോഗവസ്തു മാത്രമാണ്, മൂന്ന് തവണ “തലാക്ക്” എന്ന് പറഞ്ഞാൽ ബന്ധം അവസാനിക്കും എന്നൊക്കെയുള്ള പിന്തിരിപ്പൻ ആശയങ്ങളെ ഇപ്പോഴും മുറുകെപ്പിടിക്കുന്നത്. സമ്മാനദാനത്തിന് പേരു വിളിക്കുമ്പോൾ മുതിർന്ന കുട്ടിയാണെങ്കിൽ അവൾ സ്റ്റേജിൽ വരരുത്, പിതാവ് വന്ന് സമ്മാനം ഏറ്റുവാങ്ങണമെന്ന് ശഠിക്കുന്നതും ഇവർ തന്നെ.

മറുവശത്ത് പുരോഗമനവാദികൾ അവരുടെ പെൺകുട്ടികൾ മതത്തിന്റെ മതിൽക്കെട്ടുകൾ കടന്ന് ആകാശമാണ് അതിർത്തിയെന്ന ബോധത്തോടെ മുഖ്യധാരയിൽ വിദ്യാഭ്യാസം നേടി ഉന്നതങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നു. സെന്റ്‌ റീത്താ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളിൽ പകുതിയും ഇസ്ലാംമത വിശ്വാസികളാണ്. ആ വിഭാഗത്തിലെ പെൺകുട്ടികൾ ഈ സ്‌കൂളിൽ മതപരമായ വേഷങ്ങൾ അനുവദിക്കില്ലായെന്നു അറിഞ്ഞുകൊണ്ടുതന്നെയാണ് അഡ്മിഷൻ എടുത്തിട്ടുള്ളത്. കഴിഞ്ഞ 30 വർഷവും ഈ രീതിയിൽത്തന്നെയാണ് സെന്റ്‌ റീത്താ പബ്ലിക് സ്കൂൾ പ്രവർത്തിച്ചതും. ഇവിടെ മതപരമായ വേഷങ്ങൾക്കുപരി, പരസ്പരം ജാതിയോ മതമോ ചോദിക്കാതെ, ജാതിക്കോ മതത്തിനോ പ്രാധാന്യം കൊടുക്കാതെ, വിദ്യാർഥികൾ ഇടകലർന്നു ജീവിക്കുന്നു. ഇത് ബോധപൂർവ്വമായ ഒരു തെരഞ്ഞെടുപ്പാണ്. തങ്ങളുടെ മകൾ മതപരമായ വേർതിരിവുകളില്ലാത്ത ഒരു സ്‌കൂളിൽ പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു മുസ്ലിം കുടുംബത്തിന് കൊച്ചി പ്രദേശത്ത് ആശ്രയിക്കാവുന്ന ചുരുക്കം ചില സ്‌കൂളുകളിൽ ഒന്നു മാത്രമാണ് പള്ളുരുത്തിയിലെ സെന്റ്‌ റീത്താ പബ്ലിക് സ്കൂൾ. ഇത്തരം സ്‌കൂളുകളുടെ പ്രവർത്തനം യാഥാസ്ഥിതികർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

പള്ളുരുത്തിയിലെ സെന്റ്‌ റീത്താ പബ്ലിക് സ്കൂളും മറ്റ്‌ സ്‌കൂളുകളെപ്പോലെയാകണമെന്നും ഏതെങ്കിലും വിധേന ഇത്തരം മതേതര നിലപാടുകൾ അട്ടിമറിക്കണമെന്നും, മുസ്ലിം സമുദായത്തിലെ എല്ലാ പെൺകുട്ടികളെയും യഥാസ്ഥിതിക ആചാരങ്ങളിൽ തളച്ചിടണമെന്നും മുസ്ലിം യഥാസ്ഥിതികർ ആഗ്രഹിക്കുന്നു. ഒരു വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു തുടങ്ങിയാൽ മറ്റു വിദ്യാർത്ഥിനികൾ അത് പിന്തുടരാൻ നിർബന്ധിതരാകുമെന്നും, പുരോഗമനവാദികൾ പരസ്യ ഏറ്റുമുട്ടലിനോ വെല്ലുവിളിക്കോ തയ്യാറാകില്ലായെന്നും യാഥാസ്ഥിതികർക്ക് നല്ലവണ്ണം അറിയാം. ഇതിനുവേണ്ടിയാണ് ഹിജാബ് അനുവദിച്ചിരുന്ന സമീപത്തെ മറ്റൊരു സ്‌കൂളിൽ പഠിച്ചിരുന്ന ഒരു വിദ്യാർത്ഥിനിയെ അധ്യയനവർഷം ആരംഭിച്ച ശേഷം ജൂൺ അവസാനം ഈ സ്‌കൂളിൽ ചേർത്തത്. കുട്ടിയും രക്ഷകർത്താവും യഥാസ്ഥിതികരുടെ കരുക്കളായി ഉപയോഗിക്കപ്പെട്ടു. അഡ്മിഷൻ സമയത്തുതന്നെ ഹിജാബ് ധരിച്ചെത്തിയ കുട്ടിയോട് ഇത് ഇവിടെ അനുവദിക്കില്ലായെന്നു സ്കൂൾ അധികൃതർ അറിയിച്ചതും കുട്ടിയും രക്ഷകർത്താവും അത്‌ സമ്മതിച്ചതുമാണ്. ഏതാണ്ട് നാലു മാസത്തോളം ഈ വിദ്യാർത്ഥിനി മറ്റ്‌ പെൺകുട്ടികളെപ്പോലെ സ്കൂൾ യൂണിഫോം അണിഞ്ഞു ക്ലാസ്സിൽ വന്നിരുന്നതുമാണ്.

പൊടുന്നനെ ഒക്ടോബർ 7ന് വിദ്യാർത്ഥിനി ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയപ്പോഴാണ് ഇത് ആസൂത്രിതമായ ഒരു പദ്ധതിയുടെ ഭാഗമാണെന്ന് സ്കൂൾ അധികൃതർ മനസ്സിലാക്കുന്നത്. സ്വാഭാവികമായും, ഇപ്പോൾ ഈ സ്‌കൂളിൽ പഠിക്കുന്ന മറ്റ്‌ മുസ്ലിം വിദ്യാർത്ഥിനികൾ അസ്വസ്ഥരായി. തങ്ങളും ഇനി ഹിജാബ് ധരിച്ചുതന്നെ സ്‌കൂളിൽ വരേണ്ടിവരുമല്ലോയെന്ന ചിന്ത അവരേയും അവരുടെ മാതാപിതാക്കളേയും അലട്ടി. കുട്ടി ഹിജാബ് ധരിച്ചു സ്‌കൂളിൽ വന്നത് മറ്റ്‌ കുട്ടികളെ ഭയപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ പറഞ്ഞതും ഇതുകൊണ്ടാണ്.

സെന്റ്‌ റീത്താ പബ്ലിക് സ്കൂളിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് പഠിക്കുവാനായി മറ്റ് 11 സ്‌കൂളുകളുണ്ട്. ഇവയിലെ അൺഎയിഡഡ് സ്‌കൂളുകളിൽ കൂടുതലും ക്രൈസ്തവ സഭകളുടേതുമാണ്. ഇവയിലൊക്കെ കന്യാസ്ത്രീകൾ അധ്യാപകരായിട്ടുണ്ട്. ഈ സ്‌കൂളുകളിലെല്ലാം ഹിജാബ് ധരിച്ചെത്തുകയും ചെയ്യാം. അത്തരം ഒരു സ്‌കൂളിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനിയെ അവിടെനിന്നും മാറ്റി യൂണിഫോം നിഷ്കർഷ കർശനമായി പാലിക്കുന്ന സെന്റ്‌ റീത്താ പബ്ലിക് സ്കൂളിൽ ചേർത്തതിന്റെ പിന്നിൽ ഒട്ടും ദുരുദ്ദേശമില്ലായെന്ന് വിശ്വസിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നില്ല. കൂടാതെ, തങ്ങളുടെ കുട്ടികൾ മതപരമായ വേഷങ്ങൾ ധരിച്ച് വർഗ്ഗീയ ചിന്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന അന്തരീക്ഷത്തിൽ പഠിക്കാൻ ഇടവരരുതെന്നും അവർ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തണമെന്നും ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ആശാകേന്ദ്രമായി സെന്റ്‌ റീത്താ പബ്ലിക് സ്കൂളിനെപ്പോലെ കുറേ സ്‌കൂളുകളെങ്കിലും നിലനിൽക്കേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിന് അത്യന്താപേക്ഷിതമാണ്.

St. Ritas School

ഓപ്പറേഷൻ സിന്ദൂർ സമയത്ത് മാധ്യമ വിശദീകരണം നടത്തിയ കേണൽ സോഫിയാ ഖുറേഷിയെപ്പോലെ നൂറുകണക്കിന് മുസ്ലിം വനിതകൾ ഇന്ത്യൻ ആർമിയിൽ ഉണ്ട്. ഇന്ത്യൻ എയർഫോഴ്‌സിൽ ഫൈറ്റർ വിമാനങ്ങൾ പറത്തുന്ന മുസ്ലിം വനിതാ പൈലറ്റുകൾ ഉണ്ട്. അനേകം മുസ്ലിം വനിതകൾ ഐഎഎസ്/ഐപിഎസ് പരീക്ഷകൾ നല്ല നിലയിൽ പാസ്സായി മുഖ്യധാരയിൽ എത്തിക്കൊണ്ടിരിക്കുന്നു. മതമൗലീകവാദികൾക്കും യഥാസ്ഥിതികർക്കും ഹാലിളകാൻ ഇതൊക്കെ ധാരാളം. മൂട്ടിന് തീപിടിച്ച അവസ്ഥയിൽ അവർ ഓരോന്ന് കാട്ടിക്കൂട്ടുന്നതിന്റെ ഒരു ആവിഷ്കാരമാണ് പള്ളുരുത്തി സെൻറ് റീത്താ സ്‌കൂളിൽ കണ്ടത്. യഥാസ്ഥിതികർ എത്ര ശ്രമിച്ചാലും മുസ്ലിം വനിതകളെ ഹിജാബിലും ബുർഖയിലും തളച്ചിടാൻ പറ്റില്ലായെന്ന യാഥാർഥ്യം മനസിലാക്കുക. ലോകം മൊത്തം, പ്രത്യേകിച്ച് സൗദി അറേബ്യയിൽ, വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ച്, നടക്കാത്ത സുന്ദരസ്വപ്നങ്ങൾ ഉപേക്ഷിച്ച് യഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇക്കൂട്ടർക്ക് കരണീയം. സോഫിയാ ഖുറേഷിമാർ ആകാൻ വെമ്പൽ കൊള്ളുന്ന മുസ്ലിം പെൺകുട്ടികളുടെ സ്വപ്നങ്ങൾക്കു ചിറകുവിരിക്കാൻ നമ്മുടെ നാട്ടിലെ കോൺവെന്റ് സ്‌കൂളുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ സ്കൂളുകളെ തകർക്കാൻ മതമൗലീകവാദികളും യാഥാസ്ഥിതികരും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. അവർക്കു ചൂട്ടുപിടിക്കുന്നതോ കുശാഗ്രബുദ്ധിക്കാരായ രാഷ്ട്രീയകോമരങ്ങളും !