സമ്പാദ്യവും നിക്ഷേപവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുടെ വരുമാനത്തിൽ നിന്നും ചിലവുകൾ ചുരുക്കി മിച്ചം പിടിച്ചു വെക്കുന്ന സമ്പാദ്യം ദീർഘനാളത്തേക്ക് ഏതെങ്കിലും പദ്ധതിയിൽ ഇറക്കി ആ കാലയളവിനുശേഷം നേരത്തെ നിശ്ചയിച്ച ഒരു ലക്ഷ്യം നേടുന്നതിനു പര്യാപ്തമാകുന്ന വിധം അത് വളർത്തുന്ന രീതിയെയാണ് നിക്ഷേപം എന്ന് പറയുന്നത്. ലക്ഷ്യം എന്തുമാകാം- പെൺകുട്ടികളുടെ വിവാഹം, മക്കളുടെ ഉപരിപഠനം, ഭവന നിർമ്മാണം, വാഹനം വാങ്ങൽ എന്നിങ്ങനെ എന്തും.
മിച്ചം പിടിക്കുന്ന പണം തലയിണക്കീഴിൽ സൂക്ഷിക്കുന്നതുകൊണ്ടോ ബാങ്കിലെ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇടുന്നതുകൊണ്ടോ മാസാമാസം ചിട്ടിയിൽ അടയ്ക്കുന്നതുകൊണ്ടോ വർഷങ്ങൾക്കു ശേഷം നമ്മുടെ ലക്ഷ്യം നേടുവാൻ ഉപകരിക്കുന്നില്ലയെന്ന് മാത്രമല്ല പണപ്പെരുപ്പതോതിനെ മറികടന്നുള്ള ഒരു സംഖ്യയായി വർദ്ധിക്കുന്നുമില്ല. ഫിക്സഡ് ഡെപ്പോസിറ്റിൽ വർധിച്ച പലിശ ലഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ബാങ്കുകൾ കുറഞ്ഞ പലിശയ്ക്ക് വായ്പ്പ കൊടുക്കേണ്ടി വരുന്നു; അപ്പോൾ നിക്ഷേപങ്ങൾക്ക് കൂടുതൽ പലിശ എങ്ങിനെ കൊടുക്കും!
ബാങ്ക് നിക്ഷേപങ്ങളും ചിട്ടിയും കുറിയുമൊന്നും നമ്മുടെ സമ്പാദ്യം ലക്ഷ്യപ്രാപ്തിക്ക് ഉതകുന്ന രീതിയിൽ വളരുവാൻ സഹായിക്കുന്നില്ലായെങ്കിൽ പിന്നെ എന്താണ് മാർഗ്ഗം?
ഒരു സംരംഭം ആരംഭിക്കുകയെന്നതാണ് ആദ്യം മനസ്സിലുദിക്കുന്ന ആശയം. ശരിയാണ് ലളിതമായ രീതിയിൽ ബിസിനസ്സുകൾ ആരംഭിച്ചു വലിയ പണക്കാരായ പല ഉദാഹരണങ്ങളും നമ്മുടെ ചുറ്റിനും കാണുവാൻ കഴിയും. എന്നാൽ പരാജയങ്ങളുടെ കഥകളും ധാരാളം ഉണ്ടാവും. അതായത്, വലിയ അപകടം പിടിച്ച പണിയാണ് ഒരു സംരംഭകനാകുകയെന്നത്. വലിയ മൂലധനം ആവശ്യമായി വന്നേക്കാം. ലോൺ എടുക്കേണ്ടി വന്നേക്കാം. കുറേ തൊഴിലാളികളെ ആവശ്യമായി വന്നേക്കാം. കൊറോണ പോലെയുള്ള പ്രതികൂല സാഹചര്യങ്ങൾ ബിസിനസ്സ് ഉദ്ദേശിച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോകുന്നതിന് വിഘാതമായി വന്നേക്കാം.
എന്നാൽ റിലൈൻസ്, അദാനി, ടാറ്റാ, ഐടിസി, എൽ ആൻഡ് ടി, സീമെൻസ്, വിപ്രോ, ഇൻഫോസിസ് മുതലായ പല കമ്പനികളും നാൾക്കുനാൾ വളർന്നു വരികയും ചെയ്യുന്നു. ഇവയിൽ ഏതെങ്കിലും ഒന്നിൽ ഒരു പാർട്ണർ ആയി അതിന്റെ ലാഭത്തിൽ പങ്കു പറ്റുവാൻ സാധിച്ചെങ്കിൽ എത്ര നന്നായിരുന്നുവെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ. അവയൊക്കെ തുടങ്ങിയപ്പോൾ ചെറിയ തുകയ്ക്ക് ഓഹരി വാങ്ങി ഇപ്പോൾ വലിയ പണക്കാരായ ആളുകൾ നമ്മുടെ ചുറ്റിനുമുണ്ട് താനും. എല്ലാം കൊണ്ടും സ്റ്റോക്ക് മാർക്കറ്റ് ആരെയും മോഹിപ്പിക്കുന്നതാണ്.
എന്നാൽ നേരിട്ട് സ്റ്റോക്ക് മാർക്കറ്റിൽ ഇടപെടുന്നതും ആപത്താണെന്നു പറയുന്ന പല അനുഭവസ്ഥരും നമ്മുടെ ചുറ്റിനുമുണ്ട്. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്നതിന് മുൻപ് അതിന്റെ ഉള്ളുകള്ളികളെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ഊണും ഉറക്കവും ഒഴിവാക്കി മാർക്കറ്റിലെ ഓരോ ചലനങ്ങളും വീക്ഷിക്കുന്നവർക്കേ സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കാൻ പറ്റൂ. അതായത്, വലിയ അപകടം പിടിച്ച പണിയാണ്. പല വിദഗ്ദന്മാരുടെയും സഹായം ആവശ്യമായി വന്നേക്കാം. അവർക്ക് നല്ല ഫീസും കൊടുക്കേണ്ടി വരും.
ഭാഗ്യവശാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഇന്ന് നമ്മുടെ രാജ്യത്തുണ്ട്. അതാണ് മൂച്വൽ ഫണ്ടുകൾ. 1990 കളിൽ ആരംഭിച്ച മൂച്വൽ ഫണ്ടുകൾ സ്റ്റോക്ക് മാർക്കറ്റിൽ വലിയ തോതിൽ നിക്ഷേപിക്കാൻ കഴിയാത്തവർക്കും ചെറുകിട സംരംഭങ്ങൾ നടത്തി മടുത്തവർക്കും ഇഷ്ടമില്ലാത്ത ജോലി ജീവിതകാലം മുഴുവൻ നടത്താതെ അൽപ്പം നേരത്തെ വിരമിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
മൂച്വൽ ഫണ്ടുകൾ അനേകം നിക്ഷേപകരിൽ നിന്നും പണം സമാഹരിച്ച് സാധാരണക്കാരന് അപ്രാപ്യമായ വലിയ കമ്പനികളിൽ നിക്ഷേപിക്കുന്നു. ഒരാൾ ഒരു ചെറിയ തുക, ഉദാഹരണത്തിനു 1000 രൂപ, മൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ആ തുക ആ പദ്ധതിയിൽ വിവക്ഷിച്ചിരിക്കുന്നതുപോലെ പല മേഘലകളിലുള്ള പല കമ്പനികളുടെ ഓഹരികളിലായി നിക്ഷേപിക്കപ്പെടുന്നു. അമ്പതോളം കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കപ്പെടുന്നുവെന്ന് കരുതുക. എല്ലാ അമ്പത് കമ്പനികളും ഒരുമിച്ച് ഒരിക്കലും തകരുകയോ നഷ്ടത്തിലാകുകയോ ചെയ്യില്ല. കൂടാതെ, വളരെ വിദഗ്ദരായ ഫണ്ട് മാനേജർമാർ കമ്പനികളുടെ ഷെയർ മാർക്കറ്റിലെ അവസ്ഥ നിരന്തരം നിരീക്ഷിച്ചു വേണ്ട ഇടപെടൽ തക്ക സമയത്ത് നടത്തുന്നു. മൂച്വൽ ഫണ്ടുകൾ SEBI (സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) യുടെ നിയന്ത്രണത്തിലാണ്. നിക്ഷേപകരെ വഞ്ചിക്കുകയോ പ്രവർത്തനമികവ് കാട്ടാത്ത നഷ്ടസാധ്യതകുളുള്ള ഏതെങ്കിലും കമ്പനികളിൽ നിശ്ചയിച്ചിരിക്കുന്ന അനുപാതം മറികടന്നു കൂടുതൽ നിക്ഷേപിച്ചാലോ SEBI ഇടപെടും. ചുരുക്കത്തിൽ നിക്ഷേപകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നു.
നിർഭാഗ്യവശാൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കുറവാണ്. മലയാളികൾ കൂടുതലും ഇപ്പോഴും ആട്-മാഞ്ചിയം പദ്ധതികളെയും വലിയ പലിശ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ധനകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കുകയാണ്. റിട്ടയർ ചെയ്യുന്ന സർക്കാർ ജോലിക്കാർ പോലും അവരുടെ പണം പിൻവലിക്കാൻ ചെല്ലുമ്പോൾ “This facility is not available.” എന്ന് പറയുന്ന ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. പെട്ടെന്ന് പണക്കാരനാകാനുള്ള മോഹത്തിൽ ദിവസവേതനം കിട്ടുന്ന പലരും വർഷങ്ങളായി അവരുടെ വേതനത്തിന്റെ പകുതിയും ലോട്ടറി എടുത്ത് പാഴാക്കുന്നു. ഈ പണം ഏതെങ്കിലും മൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ അവർ 20 വർഷം കൊണ്ട് കോടീശ്വരന്മാരാകുമായിരുന്നു.
നമ്മുടെ നിക്ഷേപസ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. നമ്മളെ വഞ്ചിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരെ സൂക്ഷിക്കണം. എന്തിന് നമ്മൾ അധ്വാനിച്ചുണ്ടാക്കിയ പണം വല്ലവർക്കും കൊടുത്തു അവരെ പണക്കാരാക്കണം? നമ്മുടെ കുഞ്ഞുങ്ങൾതന്നെ അത് അനുഭവിക്കാൻ ഇട വരട്ടെ. എല്ലാവർക്കും സുരക്ഷിതവും ഐശ്വര്യപൂർണ്ണവുമായ നിക്ഷേപം ആശംസിക്കുന്നു.
വിഷയുവുമായി ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ
സമ്പാദ്യശീലവും മൂച്വൽ ഫണ്ട് എസ്.ഐ.പി യും
സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (SWP)
അസറ്റ്പ്ലസ് ഉപഭോക്താവാകൂ; മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കൂ