ദേവാലയത്തിൻറ്റെ മെയിൻറ്റനൻസ്
അടൂർ തിരുഹൃദയപ്പള്ളിയിലെ ഒരു ഇടവകാംഗം 2025 നവംബർ 4 ന് എനിക്കയച്ച വാട്സാപ്പ് മെസ്സേജ് താഴെ കൊടുക്കുന്നു.
പുതിയ പള്ളി നിർമാണ സമയത്ത് വളരെ ഉത്തരവാദിത്വം ഉള്ള ചുമതല വഹിച്ചിരുന്ന ആളാണ് അച്ചായാൻ. അന്ന് പള്ളിയിലെ അനാവശ്യ ചെലവുകൾക്ക് എതിരെ എന്തുകൊണ്ട് പ്രതികരിച്ചില്ല? നിലവാരം ഇല്ലാത്ത പല നിർമ്മിതി കളും നശിച്ചു തുടങ്ങി. അന്നത്തെ അനാവശ്യ ആഡംബര നിർമ്മിതികളെ പിന്തുണച്ചിട്ട് ഇപ്പോൾ പുറത്തിരുന്ന് കുറ്റം പറയുന്നത് ശരിയായ നിലപാണൊ? അന്ന് വിനീത വിധേയനായി പല അനാവശ്യ ചിലവുകൾക്കും കൂട്ടു നിന്നിട്ട് ഇന്ന് മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയൊ എന്ന് ആത്മവിമർശനം നടത്തുന്നത് നന്നായിരിക്കും. അന്നത്തെ പുറത്തു നിന്നു പിരിച്ച പണത്തിൻ്റെ കണക്കുകൂടി ഈ സമയത്ത് പരിശോദിക്കുന്നത് നന്നായിരിക്കും.
2017 സെപ്റ്റംബർ 19 നായിരുന്നു പള്ളിയുടെ കൂദാശ നടന്നത്. കൃത്യം എട്ടു വർഷവും ഒരു മാസവും കഴിഞ്ഞു, 2025 ഒക്ടോബർ അവസാനം നടന്ന പള്ളിക്കമ്മിറ്റി യോഗത്തിലാണ് ഇത്തരം ഒരു ആരോപണം ആദ്യം ഉയർന്നതായി കേട്ടത്. “മണ്ടന്മാർ പണിഞ്ഞ പള്ളി” എന്ന് ഒരു കമ്മിറ്റിയംഗം പരാമർശിച്ചുവെന്നാണ് അറിവ്.
എന്നാൽ സത്യം എന്താണ്? “മനോഹരമായ ദേവാലയം!” “മനം കവരുന്ന രൂപകൽപ്പന!” “പുതിയ പള്ളികൾക്ക് മാതൃകയാക്കാവുന്ന അന്ത്യോക്യൻ ശൈലിയിലുള്ള മദ്ബഹയോടു കൂടിയ പ്രശോഭിതമായ ദേവാലയം!” എന്നൊക്കെ 2017 സെപ്റ്റംബർ മുതൽ മറ്റു സഭകളിലെ അൽമായരും വൈദീകരും മെത്രാപ്പോലീത്താമാരും പ്രകീർത്തിക്കുകയും വാഴ്ത്തുകയും ചെയ്ത ഈ ദേവാലയത്തെക്കുറിച്ച് ഇപ്പോൾ ഇത്തരം ദുഷ്പ്രചരണങ്ങൾ അഴിച്ചുവിടുന്നതിന്റെയും അന്ന് ദേവാലയ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചവരെയും അതിൽ പങ്കാളികളായിരുന്നവരെയും ആക്ഷേപിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് അന്വേഷിക്കാതിരിക്കുന്നത് നീതികേടാകും.
ഏതായാലും ഞങ്ങളൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരം ചോദ്യങ്ങൾ ഉയർന്നത് നന്നായി. മറുപടി കൊടുക്കുവാൻ അവസ്സരം ലഭിച്ചുവല്ലോ. വാട്ട്സാപ്പ് മെസ്സേജ് അയച്ച് എന്നെ അതിന് പ്രചോദിപ്പിച്ച വ്യക്തിയോട് എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടുമുണ്ട്.
സത്യത്തിൽ, പുതിയ പള്ളി പണിയുന്നതിന് ഞാൻ എതിരായിരുന്നു. ഇതിന്റെ ചർച്ച നടക്കുമ്പോൾ (കുരുമ്പിലേത്ത് അച്ചന്റെയും അരീക്കൽ അച്ചന്റെയും കാലത്ത്) അവധിക്ക് വരുമ്പോളൊക്കെ ഞാൻ എന്റെ എതിർപ്പുകൾ അറിയിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം മേജർ ആർച്ച്ബിഷപ്പും കാതോലിക്കാബാവയും ആയ സഭയുടെ തലവന്റെകൂടി സാമ്പത്തിക സഹായത്തോടെ അഥവാ ഒരു പുതിയ പള്ളി പണിതാലും അത് മെയിൻറ്റെയിൻ ചെയ്ത് കൊണ്ടുപോകുവാനുള്ള ശേഷി ഈ ഇടവകക്കാർക്കില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ടായിരുന്നു ഞാൻ പുതിയ പള്ളി എന്ന ആശയത്തെ അന്ന് എതിർത്തത്.
എന്നാൽ, പിന്നീട് ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൊണ്ട് പുതിയ പള്ളി പണിയണം എന്ന തീരുമാനത്തോട് ഞാൻ സഹകരിക്കുകയാണുണ്ടായത്. 2015 മെയ് മാസം ഞാൻ പെൻഷനായി നാട്ടിൽ വന്നപ്പോളാണ് അന്നത്തെ വികാരിയച്ചന്റെയും ചില സുഹൃത്തുക്കളുടെയും നിർബ്ബന്ധത്തിനു വഴങ്ങി പള്ളിയുടെ ട്രസ്റ്റി സ്ഥാനം ഏറ്റെടുത്തത്. പഴയ പള്ളി പൊളിച്ചു മാറ്റി ഗ്രൗണ്ട് ലെവലാക്കി ഇട്ടിരിക്കുന്ന ഒരു അവസ്ഥയായിരുന്നു അപ്പോൾ. 2015 ജൂലൈ മാസത്തിൽ പുതിയ പള്ളിയുടെ പണി ആരംഭിച്ചു. അതിനു മുൻപുതന്നെ ഫണ്ട് പിരിവ് ആരംഭിച്ചിരുന്നു. താൽക്കാലിക ദേവാലയമായി ഉപയോഗിച്ചിരുന്ന PVLPS സ്കൂൾ കെട്ടിടവും അച്ചന്മാർക്ക് താമസിക്കുവാനുള്ള പുതിയ പ്രെസ്ബിറ്ററിയും പൂർണ്ണമായും സഭാ ആസ്ഥാനത്തുനിന്നും പണിഞ്ഞു തന്നതുകൊണ്ട് ഇനിയും പള്ളി പണിക്കുവേണ്ടി അവിടെ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്ന് പ്രത്യേകം അറിയിച്ചിരുന്നു.
എല്ലാ കുടുംബങ്ങൾക്കും അവരുമായി ആലോചിച്ചു വിഹിതം നിശ്ചയിച്ചിരുന്നു. ഏതാണ്ട് 120 കുടുംബങ്ങൾ മാത്രമേ അവർ വാഗ്ദാനം ചെയ്ത തുക പൂർണ്ണമായും അടച്ചുതീർത്തുള്ളൂ. അമ്പതോളം കുടുംബങ്ങൾ അവർ വാഗ്ദാനം ചെയ്തതിനേക്കാൾ കൂടുതൽ നൽകി സഹകരിച്ചു. ഓരോ ആഴ്ചയിലും ആരൊക്കെ എത്ര സംഭാവന നൽകിയെന്ന് അനൗൺസ് ചെയ്യുമായിരുന്നു. സംഭാവന നൽകിയ എല്ലാവർക്കും കൃത്യമായി രസീത് കൊടുക്കുമായിരുന്നു. ഓരോ കുടുംബത്തിന്റേയും വാഗ്ദാനം എത്രയാണെന്നും അതിൽ എത്ര അടച്ചിട്ടുണ്ടെന്നും ഇനി എത്ര അടക്കുവാനുണ്ടെന്നും കാണിച്ചുള്ള സ്റ്റേറ്റ് മെൻറ്റ് എല്ലാ മാസവും പ്രാർത്ഥനായോഗങ്ങൾ മുഖേന എത്തിച്ചിരുന്നു. എല്ലാ മാസവും ഒരു ഞായറാഴ്ച്ച വികാരിയച്ചൻ തന്നെ കുർബ്ബാനമദ്ധ്യേ കാണിക്ക പിരിക്കാനായി ഇറങ്ങുമായിരുന്നു. അത് പള്ളിപണിക്കുള്ള ഫണ്ടിലേക്കായിരുന്നു. ബർത്ത്ഡേ മുൻകൂട്ടി അനൗൺസ് ചെയ്യുകയും ഓരോ ഞായറാഴ്ചയിലും ആ ആഴ്ചയിൽ ബർത്ത്ഡേ ആഘോഷിക്കുന്നവരിൽ നിന്നും നേർച്ച സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൃത്യമായി കണക്കിൽ ചേർത്ത് പള്ളിപണിക്കുള്ള ഫണ്ടിന്റെ അവസ്ഥ കൃത്യമായ ഇടവേളകളിൽ പ്രസിദ്ധീകരിക്കുമായിരുന്നു.
പള്ളിപണിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കൃത്യമായ ഇടവേളകളിൽ പൊതുയോഗം വിളിക്കുമായിരുന്നു. ഒരു ദേവാലയ നിർമ്മാണക്കമ്മിറ്റി രൂപീകരിച്ച് അവരുടെ മേൽനോട്ടത്തിലായിരുന്നു പണികൾ പുരോഗമിച്ചത്. ഒരു യോഗത്തിലും ആഡംബര നിർമ്മിതിയാണ് നടക്കുന്നതെന്നോ നിർമ്മാണ പ്രവർത്തനങ്ങൾക്കോ രൂപകൽപ്പനക്കോ അപാകതകളുണ്ടെന്നോ ആരും ചൂണ്ടിക്കാണിച്ചില്ല. ഇടവകക്കാർ എല്ലാവരും സമയം കിട്ടുമ്പോൾ പള്ളിപണി നടക്കുന്നിടത്ത് വന്ന് നിരീക്ഷിക്കുകയും പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും വേണമെന്ന് ഇടയ്ക്കിടെ വികാരിയച്ചൻ പള്ളിയിൽ വിളിച്ചു പറയുമായിരുന്നു. എന്നാൽ പണം നൽകേണ്ടി വരുമോയെന്ന് ഭയന്നായിരിക്കും ചിലരൊക്കെ ആ ഭാഗത്തോട്ടു വരാൻ മടിച്ചിരുന്നുവെന്നത് വാസ്തവമാണ്. ഇപ്പോൾ പോരായ്മകൾ ചൂണ്ടിക്കട്ടുന്നവർ പലരും അന്ന് ആ പരിസരത്ത് വരാൻ മടി കാട്ടിയവരായിരുന്നെന്നും ഇപ്പോൾ തിരിച്ചറിയുന്നു.
പള്ളികൂദാശയ്ക്കു ശേഷം പൊതുയോഗം വിളിച്ചുകൂട്ടി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. എല്ലാ ചോദ്യങ്ങൾക്കും മറുപടി കൊടുത്തു. കാര്യമായ ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. പുതിയ പള്ളി പണിക്ക് അഞ്ചു കോടി രൂപായോളം ചെലവായപ്പോൾ, ഒന്നേമുക്കാൽ കോടി രൂപയോളമേ ഇടവകക്കാരുടെ സംഭാവനയായിട്ടുള്ളൂ. ഫുഡ് ഫെസ്റ്റ്, വഞ്ചി, ഞായറാഴ്ച്ച കാണിക്ക, മറ്റ് നേർച്ചകൾ ഒഴിച്ച് ബാക്കി കൂടുതലും നെടിയത്ത് റമ്പാച്ചൻ അദ്ദേഹത്തിന്റെ അഭ്യൂദയകാംക്ഷികളിൽ നിന്നും പിരിച്ചതാണ്. കുടിശ്ശികയുള്ളവരുടെ പേരുവിവരം പ്രസിദ്ധീകരിക്കണമെന്ന് ഞങ്ങൾ പലരും നിർബന്ധിച്ചപ്പോൾ അന്നത്തെ വികാരിയച്ചൻ അതിന് അനുവദിച്ചില്ല. തരാനുള്ളവർക്ക് അത് ഒരു അഭിമാനപ്രശ്നമായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ ഫലത്തിൽ കുടിശ്ശിക എഴുതിത്തള്ളിയതുപോലെയായി. എന്നിരുന്നാലും, കണക്ക് ഇപ്പോഴും ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്. കമ്പ്യൂട്ടറിൽ ഡാറ്റ ബാക്കപ്പുകളും സൂക്ഷിച്ചിട്ടുണ്ട്.
മദ്ബഹായിലെ മറ, മുത്തുക്കുട, മെഴുകുതിരിക്കാലുകൾ, ധൂപക്കുറ്റി മുതലായ നേർച്ചവസ്തുക്കൾ ഒഴിച്ച് ബാക്കി എല്ലാ സംഭാവനകളും രസീതോട് കൂടിയാണ് സ്വീകരിച്ചത്. ഇടവകക്കാരല്ലാത്ത പലരും ഇങ്ങോട്ടു വന്ന് സംഭാവനകൾ തന്നിട്ടുണ്ട്. പിരിക്കുവാനായി കടകളിലോ സ്ഥാപനങ്ങളിലോ കയറിയിട്ടില്ല. പിൽക്കാലത്ത് സുവനീറിനും ഡയറക്ടറിക്കും ഒക്കെ കടകളിലും സ്ഥാപനങ്ങളിലും അതിനുവേണ്ടി രൂപീകരിച്ച പ്രത്യേക കമ്മിറ്റികൾ പോയിട്ടുണ്ട്. പരസ്യത്തിനുവേണ്ടിയുള്ള അത്തരം സംഭാവനകളും രസീതോടു കൂടിയാണ് സ്വീകരിച്ചത്.
രസീത് കൊടുക്കാതെയുള്ള പിരിവുകൾ ഈ അടുത്ത സമയത്താണ് ഈ പള്ളിയിൽ ആരംഭിച്ചത്. പെരുന്നാൾ റാസ, ചാരിറ്റി, ഞായറാഴ്ച്ച പ്രഭാതഭക്ഷണം, ശുശ്രൂഷകന്റെ ഭവന നിർമ്മാണം മുതലായ പിരിവിന് രസീതുമില്ല, ഒരു യോഗത്തിലും കണക്കു അവതരിപ്പിച്ചിട്ടുമില്ല.
അതിമനോഹരമെന്നു വാഴ്ത്തിപ്പാടിയിരുന്ന ദേവാലയത്തിന്റെ ഇപ്പോളത്തെ അവസ്ഥ പരിതാപകരമാണ്. അത് നിർമ്മാണത്തിലെ അപാകതകൾ കൊണ്ടല്ല. മറിച്ച്, മെയിന്റനൻസിന്റെ അഭാവം കൊണ്ടാണ്. മനോഹാരിത ആർഭാടമല്ല. അത് നമ്മുടെ ആരാധനാലയങ്ങളുടെ പരമ്പരാഗതമായ രീതിയിലുള്ള രൂപകൽപ്പനയുടെ അനിവാര്യമായ ഭാഗമാണ്. അല്ലെങ്കിൽ പെന്തകോസ്ത്കാരെപ്പോലെ ഒരു ഹാൾ പണിഞ്ഞാൽ മതിയായിരുന്നു. മെയിന്റനൻസിന് പണച്ചെലവും ഉണ്ടാകുമായിരുന്നില്ല. എന്നാൽ നമ്മുടെ പള്ളിയെപ്പോലെയുള്ള നിർമ്മിതികളുടെ സൗന്ദര്യം നിലനിർത്തണമെങ്കിൽ കൃത്യമായ, ആസൂത്രിതമായ മെയിന്റനൻസ് ഒഴിച്ചുകൂടാനാവാത്തതാണ്. അടൂർ ഇടവകക്കാർക്ക് ഈ സങ്കല്പം മനസ്സിലാകില്ലായെന്ന് 2010-11 കാലഘട്ടത്തിൽ തന്നെ ഞാൻ തിരിച്ചറിഞ്ഞതാണ്. അത് അങ്ങിനെതന്നെ സംഭവിച്ചു. കുരങ്ങന്റെ കയ്യിലെ പൂമാല പോലെയായി അടൂർ തിരുഹൃദയപ്പള്ളി. നമ്മുക്ക് റാസക്കും ആഘോഷങ്ങൾക്കും പണമുണ്ട്. പള്ളിയുടെ മെയിന്റനൻസിന് പണമില്ല. കുറ്റം പള്ളി പണിഞ്ഞവർക്കും!
ബന്ധപ്പെട്ട മറ്റു ബ്ലോഗുകൾ
ഉത്തരാധുനിക കാലത്തെ പള്ളി പൊതുയോഗങ്ങൾരസീതില്ലാത്ത പിരിവും പൊതുയോഗത്തിലെ മൗനവും
വന്നല്ലോ പള്ളിപെരുന്നാൾ🎈
പള്ളിപെരുന്നാൾ 2022 - എൻറ്റെ കാഴ്ച്ചപ്പാട്
പള്ളിപെരുന്നാൾ 2022 - ഒരു അവലോകനം