ഛത്തീസ്ഗഡ്... നിക്കോദിമോസിൻറ്റെ ഡാഷ്
തൻറ്റെ സമ്മതത്തോടെയല്ല തന്നെ എവിടേക്കോ കൊണ്ടുപോകുന്നതെന്ന് മൂന്ന് പെൺകുട്ടികളിൽ ഒരാൾ മൊഴി നൽകിയിരുന്നുവെങ്കിലും എല്ലാ രേഖകളും ഭദ്രമാണ് കോടതിയിൽ നിരപരാധിത്വം തെളിയിക്കുവാൻ കഴിയുമെന്നൊക്കെ കന്യസ്ത്രീകൾക്ക് പിന്തുണ നൽകുന്നവർ പറഞ്ഞപ്പോൾ സെഷൻസ് കോടതിയിൽ നിന്നും കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുമെന്നാണ് ഞാനും കരുതിയത്. എന്നാൽ, ഇന്നലെ സേഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാതെ NIA കോടതി പരിഗണിക്കട്ടെയെന്ന് പറഞ്ഞിരിക്കുന്നു; കന്യാസ്ത്രീകൾ ജയിൽവാസം തുടരുന്നു. കന്യാസ്ത്രീകളുടെ ജയിൽവാസം എങ്ങിനെയും നീളണം എന്നാഗ്രഹിച്ച ബിജെപിയുടെ ശത്രുക്കൾ വലിയ സന്തോഷത്തിലാണ്. അവർ ഛത്തീസ്ഘട്ടിൽ തന്നെ തമ്പടിച്ചു കന്യാസ്ത്രീകളെ എങ്ങിനെ കൂടുതൽ ഉപദ്രവിക്കാം എങ്ങിനെ തദ്ദേശവാസികളെ കൂടുതൽ പ്രകോപിപ്പിക്കാം എന്നൊക്കെയുള്ള വിഷയങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
“ഛത്തീസ്ഗഡ് ബിജെപിക്ക് വിനയാകുമോ?” എന്നാണ് ഇന്നലെ സെഷൻസ് കോടതി തീരുമാനത്തിനു ശേഷം ഉയരുന്ന ചോദ്യം. “ആകും” എന്നുതന്നെയാണ് എന്റെയും ഉത്തരം. അതായത്, കേരളത്തിലെ ബിജെപിക്ക് ദോഷമാകും. എന്നാൽ, അഖിലേന്ത്യാ അടിസ്ഥാനത്തിലും പ്രത്യേകിച്ച് ഛത്തീസ്‌ഘട്ട്, ബീഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ബിജെപിക്ക് ഇപ്പോൾ ഛത്തീസ്‌ഘട്ടിൽ അരങ്ങേറുന്ന സംഭവങ്ങൾ ഗുണമേ ചെയ്യൂ. ഇന്നലെ സെഷൻസ് കോടതിയുടെ മുൻപിൽ തടിച്ചുകൂടി ഈ കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തുന്നവരാണ്; ഞങ്ങളുടെ കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നവരാണ് എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം ഛത്തീസ്‌ഘട്ടിലെ പോലീസിനും സർക്കാരിനും അവിടുത്തെ ജനങ്ങളിൽനിന്നും എന്തുമാത്രം പിന്തുണ ലഭിക്കുന്നുവെന്നതിന്റെ തെളിവാണ്.
ബിജെപിക്ക് കേരളത്തിലെങ്കിലും ദോഷം ചെയ്യുമെന്നതിൽ പ്രതിപക്ഷത്തിന് ആഹ്‌ളാദിക്കാമെങ്കിലും ആത്യന്തികമായി ഇത് ക്രൈസ്തവ സഭകൾക്ക് വടക്കേയിന്ത്യയിൽ ദോഷം ചെയ്യും. പ്രത്യേക വേഷവിധാനം കൊണ്ട് പെട്ടെന്ന് തിരിച്ചറിയപ്പെടാൻ സാധ്യതയുള്ള കന്യാസ്ത്രീകൾ പോലെയുള്ളവർക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അവർക്കെതിരെ കൂടുതൽ അക്രമങ്ങൾ അരങ്ങേറാൻ സാധ്യതയുണ്ട്. അച്ചന്മാർ ളോഹ ഉപേക്ഷിച്ചു പാൻറ്റ്സും ഷർട്ടും ഇട്ടാണ് സാധാരണയായി നടക്കുന്നത്. അതുകൊണ്ടുതന്നെ, അവർ താരതമ്യേനെ സുരക്ഷിതരുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പാവം കന്യാസ്ത്രീകളെ കൊലക്ക് കൊടുക്കുന്ന ഒരേർപ്പാടായി ഇത് മാറി.
കേരളത്തിൽ ക്രൈസ്തവ പുരോഹിതർ പിന്തുണച്ചാൽ വിശ്വാസികളായ ജനം ഒന്നടങ്കം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഏതെങ്കിലും പാതിരിയോ തിരുമേനിയോ ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോളൊക്കെ എന്നെപ്പോലെയുള്ളവർ നേരെ മറിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. മിക്കവാറും ക്രൈസ്തവർ അങ്ങിനെതന്നെയാണ്. അവർക്ക് വിദ്യാഭ്യാസം ഉണ്ട്, വിവേകം ഉണ്ട്. പുരോഹിതർ മതചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചാൽ മതി, ഭാരിച്ച കാര്യങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെടേണ്ട എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരാണ് എനിക്ക് പരിചയമുള്ള ക്രിസ്ത്യാനികളിൽ കൂടുതലും. (അടിമക്കൂട്ടങ്ങൾ എല്ലായിടങ്ങളിലും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.)
മാർപ്പാപ്പ പറഞ്ഞിട്ടുപോലും അനുസരിക്കാൻ കൂട്ടാക്കാത്ത സഭാവിശ്വാസികളെയും അച്ചന്മാരെയും നമ്മൾ ഏതാനും മാസങ്ങൾ മുൻപ് എറണാകുളത്ത് കണ്ടത് മറക്കരുത്. മറ്റൊരു സഭയിലെ ഒരു സീനിയർ വൈദീകൻ തൻറ്റെ മേലധികാരികൂടിയായ ബിഷപ്പിനെ “എടാ നിക്കോദിമോസേ… ഡാഷ് മോനെ “ എന്നു വിളിച്ചതും നാം മറക്കരുത്. (വീഡിയോ കാണുക). → ആ ഡാഷ്മോൻ വിളിക്കു ശേഷം ഗൾഫിലും മറ്റും ഉള്ള പല സ്ത്രീകളും ബിഷപ്പിന്റെ ലീലാവിലാസങ്ങളെക്കുറിച്ചു പുറത്തിറക്കിയിട്ടുള്ള വീഡിയോകൾ വൈറൽ ആകുകയും ചെയ്തു. ഇവരാരാണെന്നു ജനം അറിയുവാൻ ദൈവം തമ്പുരാൻ ഒരുക്കിത്തരുന്ന അവസരങ്ങളായിട്ടാണ് ഞാൻ ഇവയെയൊക്കെ കാണുന്നത്.
കേരളത്തിൽ കന്യാസ്ത്രീകൾക്കുവേണ്ടി സംസാരിക്കാൻ ധാരാളം ആളുകൾ ഉണ്ട്. സംസ്ഥാന ഭരണയന്ത്രം തന്നെ അവരുടെ പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുന്നു. ഈ ക്രൈസ്തവ പ്രേമത്തിനു പകരമായി മൂന്നാമതും പിണറായി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരേണ്ടത് ക്രൈസ്തവരുടെ ബാധ്യതയാണ്; അതവർ നിറവേറ്റും എന്ന് പ്രതീക്ഷിക്കാം. ഛത്തീസ്‌ഘട്ടിൽ നിന്നും മറ്റുപല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അനേകം ബാലികമാരുടെ ജീവിതം കന്യാസ്ത്രീമഠങ്ങളിലെയും മറ്റു പ്രമുഖരുടെയും അടുക്കളകളിൽ എരിഞ്ഞടങ്ങുന്നുണ്ടെന്നാണ് മാധ്യമങ്ങൾ പബ്ലിഷ് ചെയ്യാത്ത പല കോടതിവിധികളിൽനിന്നും മനസ്സിലാക്കുന്നത്. അവർക്കുവേണ്ടി സംസാരിക്കാൻ ഇവിടെ ആരുമില്ല. ഇത് കേരളത്തെപ്പോലെയുള്ള ഒരു സംസ്ഥാനത്തിന് ഒട്ടും ഭൂഷണമല്ല.
മതമേലധ്യക്ഷന്മാരെ ഈസ്റ്ററിനും ക്രിസ്തുമസ്സിനും കേക്ക് കൊടുത്തു വശത്താക്കാൻ നരേന്ദ്രമോദി ശ്രമിക്കുന്നുവെന്ന് ചില കോണുകളിൽ നിന്നും ആരോപണമുണ്ട്. നരേന്ദ്രമോദി എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള ശ്രമത്തിൽ ഇവരെ വിരുന്നിനു ക്ഷണിച്ചിട്ടുണ്ടാവും. പക്ഷെ, ഞാൻ പോകുന്നില്ലായെന്ന് പറഞ്ഞ് വീട്ടിലിരുന്ന ഒരു മതമേലധ്യക്ഷനെയും ബലാൽക്കാരമായി പിടിച്ചുകൊണ്ടുപോയി കേക്ക് വായിൽ തിരുകിയ സംഭവം ഉണ്ടായിട്ടില്ല.
കേരളത്തിലെ ബിജെപി നേതാക്കളോട് ഒരപേക്ഷ. ബിജെപിയിൽ വർഷങ്ങൾക്കു മുൻപ് ചേർന്ന ഞാനും എന്നെപ്പോലുള്ള മറ്റനേകം ക്രിസ്ത്യാനികളും ഏതെങ്കിലും അച്ചനോ തിരുമേനിയോ പറഞ്ഞിട്ടല്ല അങ്ങിനെ ചെയ്തിട്ടുള്ളത്. ഇവർ പറഞ്ഞാൽ കേൾക്കാൻ ആരുമില്ല എന്ന യാഥാർഥ്യം മനസിലാക്കുക. പള്ളിമേടകളും അരമനകളും നിരങ്ങുന്ന സമയം സാധാരണക്കാരായ, ചിന്താശേഷിയുള്ള ക്രൈസ്തവ വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനായി ചെലവിട്ടാൽ പാർട്ടിക്ക് അങ്ങേയറ്റം ഗുണപരമായി ഭവിക്കും.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവംഅന്തമില്ലാത്ത മതപ്രീണനം
ഛത്തീസ്ഗഡിൽ ബിജെപി അകപ്പെട്ടിരിക്കുന്ന കെണി
കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് കള്ളക്കേസോ?
തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?