തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?

By Mathews Jacob August 19, 2025 15 min read

പണ്ടൊക്കെ പിന്നെപ്പിന്നെ എന്ന് കരുതി അൽപ്പം ക്ഷമിച്ചിരുന്ന കർത്താവ് ഇപ്പോൾ പണി ഉടൻതന്നെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്. അനീതിയും അക്രമവും കണ്ട് കർത്താവും സഹികെട്ടിട്ടുണ്ടാവും.

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവവും അതിനെതിരെയുള്ള കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ സംഘടിപ്പിച്ച പ്രതിഷേധങ്ങളും കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളിലേക്ക് വ്യാപിപ്പിച്ച് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ എന്തെങ്കിലും രാഷ്ട്രീയലാഭം ഉണ്ടാക്കാമെന്നു പാർട്ടിക്കാർ (പ്രത്യേകിച്ചും കോൺഗ്രസ്സ്കാർ) ഭരിക്കുന്ന MCA (മലങ്കര കാത്തലിക് അസോസിയേഷൻ) പോലെയുള്ള സംഘടനകൾ ശ്രമിച്ചു. രാഷ്ട്രീയചായവ് ഒട്ടും മറച്ചുവെക്കാത്ത ചില പുരോഹിതർ അവർക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു. കറുത്ത ടേപ്പ് ഒട്ടിച്ച് വാമൂടിക്കെട്ടി അവർ പെരുമഴയത്ത് വിശ്വാസികളെക്കൊണ്ട് പ്രതിഷേധ യാത്രകൾ നടത്തി. അടൂർ തിരുഹൃദയ പള്ളിയിലും ഈ നേർച്ച നടന്നു. വികാരിയച്ചൻ ആഹ്വാനം ചെയ്തതുകൊണ്ട് അദ്ദേഹത്തെ പിണക്കണ്ടായെന്നു കരുതി കുറേ കുഞ്ഞാടുകൾ ഈ നേർച്ച പ്രദിക്ഷണങ്ങളിൽ പങ്കെടുത്തു. അടുത്ത ദിവസങ്ങളിൽ ഛത്തീസ്‌ഗഡിലെ NIA കോടതിയിൽ നിന്നും കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടി. കണ്ടോ, നമ്മുടെ പ്രതിഷേധത്തിന് ഫലം കിട്ടിയതു കണ്ടോ എന്നൊക്കെ പറഞ്ഞു കോൺഗ്രസുകാരും വികാരിയച്ചനും ഒക്കെ തുള്ളിച്ചാടി. നമ്മുടെ ലക്ഷ്യം കണ്ടെങ്കിലും കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരായി കൂടുതൽ പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലുണ്ടാവും, എല്ലാ വിശ്വാസികളും സഹകരിക്കണമെന്ന് വികാരിയച്ചൻ ഓഗസ്റ്റ് 10 ഞായറാഴ്ച പള്ളിയിൽ വിളിച്ചു പറയുകയും ചെയ്തു.

എന്നാൽ, അടുത്ത ദിവസം തന്നെ, കർത്താവ് “വെള്ളയടിച്ച കുഴിമാടങ്ങൾ”, “കപടനാട്യക്കാർ“ എന്നൊക്കെ വിശേഷിപ്പിച്ച ഇവരുടെ ഇരട്ടത്താപ്പ് വെളിവാക്കുന്ന ദൗർഭാഗ്യകരമായ ഒരു സംഭവം കേരളത്തിൽ ഉണ്ടായി. കോതമംഗലത്ത് യാക്കോബായ സഭയിലെ ഒരു കുടുംബാംഗമായ സോണ എൽദോസ് എന്ന 23 വയസ്സുള്ള യുവതി ആൽമഹത്യ ചെയ്തു. തന്നെ പ്രണയക്കുരുക്കിലാക്കി റമീസ് എന്ന യുവാവും അയാളുടെ വീട്ടുകാരും വഞ്ചിച്ചു, മതം മാറാൻ നിർബന്ധിച്ചു, അതിനുവേണ്ടി കൊടിയ ശാരീരിക പീഡനങ്ങൾക്കിരയാക്കി എന്നൊക്കെ വിശദമായി ആൽമഹത്യാകുറിപ്പിൽ എഴുതിവെച്ചതിനു ശേഷമായിരുന്നു യുവതി ജീവനൊടുക്കിയത്.

Featured Image

റമീസിന്റെ സമുദായത്തിന്റെ വോട്ട് വേണ്ടതുകൊണ്ട് കോൺഗ്രസ്സുകാർ കണ്ടഭാവം നടിച്ചില്ല. തന്നെയല്ല, പ്രണയക്കെണി എന്നൊരു സംഭവമേ ഇല്ല, കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ ഇതിവൃത്തം സത്യവിരുദ്ധമാണ്‌, കല്ലറങ്ങാട്ട് പിതാവ് കള്ളം പറഞ്ഞതാണ് എന്നൊക്കെയുള്ള നിലപാടുകൾ എടുത്തവർക്ക് തലയ്ക്ക് അടികൊണ്ടതുപോലെ നിൽക്കുവാനേ കഴിയുന്നുള്ളൂ.

ഛത്തീസ്‌ഗഡ് വിഷയത്തിൽ ഇരകളായത് രണ്ട് കന്യാസ്ത്രീകളല്ലേ, കോതമംഗലത്ത് ഒരു അന്യമതസ്ഥനെ വിവാഹം കഴിക്കാൻ, അല്ലെങ്കിൽ പ്രണയിക്കുവാൻ തയ്യാറായ പെൺകുട്ടിയല്ലേ എന്നു പറഞ്ഞു ന്യായീകരിക്കുന്നവർ ഉണ്ടാവും. പക്ഷെ സത്യം അതല്ലായെന്ന് ആർക്കാണ് അറിയാത്തത്! ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധറിൽ നിന്നും കേരളത്തിൽ വരുമ്പോഴൊക്കെ ആ പിതാവിന്റെ ശുശ്രൂഷയിൽ നിന്നും രക്ഷപെടാൻ രാത്രി മുഴുവൻ മഠത്തിന്റെ ചുറ്റിനും ഓടി നടക്കേണ്ടി വന്ന ആ കന്യാസ്ത്രീയെയും അവരെ സഹായിക്കുവാൻ എത്തിയ മറ്റു കന്യാസ്ത്രീകളെയും ഇക്കൂട്ടർ എങ്ങിനെയാണ് കൈകാര്യം ചെയ്തത് എന്നുമാത്രം നിരീക്ഷിച്ചാൽ ഇവരുടെ കന്യസ്ത്രീകളോടുള്ള കരുതലും സ്നേഹാദരവുകളും വ്യക്തമാകും.

ഒരേ വിഷയത്തിൽ രണ്ട് നിലപാടുകൾ എടുക്കുന്ന ഇവർ നഗ്നരായി നിൽക്കുകയാണെന്നു ചൂണ്ടിക്കാണിക്കാൻ ഒരു കുഞ്ഞാടിനും ധൈര്യമില്ല. എന്തിനു വെറുതെ ഇവരുടെയൊക്കെ അതൃപ്തിക്ക് പാത്രമാവണം എന്ന ചിന്താഗതിയാണ് മിക്കവാറും എല്ലാ വിശ്വാസികളെന്ന് നടിക്കുന്നവർക്കുമുള്ളത്. (സത്യത്തിൽ നല്ല അഭിനയത്തിനുള്ള അവാർഡിന് അർഹർ മോഹൻലാലോ ഉർവ്വശിയോ ഒന്നുമല്ലാ, അത് പള്ളികളിൽ വന്ന് പ്രകടനം കാട്ടുന്നവരാണെന്നു തിരിച്ചറിയുന്നത് ഞായറാഴ്ച്ച പള്ളിയിൽ ചെല്ലുമ്പോളാണ്. എന്തൊരു ഭാവാഭിനയം!) പള്ളി കമ്മിറ്റിയിൽ ഒരു അംഗത്വമോ MCA ഭാരവാഹിത്വമോ മാനേജ്മെന്റ് സ്കൂളിലെ ഉദ്യോഗമോ ഒക്കെയായി കിട്ടാൻ പലതുമുണ്ട്. എങ്കിൽ പിന്നെ വിധേയത്വം അഭിനയിച്ചു നമ്മളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നവരെ കുറെയെങ്കിലും അങ്ങോട്ട്‌ ചൂഷണം ചെയ്യാം എന്ന് കരുതുന്നവരാണ് കൂടുതലും. രണ്ടു കൂട്ടരേയും കുറ്റം പറയുവാൻ കഴിയില്ല. ഇതാണ് ജീവനകല. ഒരു കൂട്ടർ മറ്റേ കൂട്ടർക്ക് ഇതൊന്നും മനസ്സിലാകില്ല; ഇവന്മാർ പൊട്ടന്മാരാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ രണ്ടു കൂട്ടരുടേയും പതനം ആരംഭിക്കും. സത്യത്തിൽ ഇല്ലാത്ത ഭക്തിയും വിധേയത്വവും അഭിനയിച്ചു സഭയിൽ നിന്നും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നവരെ എനിക്ക് വലിയ ബഹുമാനമാണ്. തിന്മക്കെതിരെ നന്മ ആത്യന്തിക വിജയം നേടുമെന്നും കർമ്മഫലം അനുഭവിച്ചേ തീരൂവെന്നും അനീതി കാണുമ്പോൾ പ്രതികരിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാവുമെന്നുമൊക്കെയുള്ള പ്രകൃതി നിയമങ്ങളിൽ വിശ്വസിക്കുന്ന ഒരു സ്വാഭാവിക ദൈവവിശ്വാസി ആയതുകൊണ്ട് എനിക്കതിനു സാധിക്കുന്നില്ലായെന്നതാണ് പരമാർത്ഥം.

ശാന്തനച്ചൻ ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തിയായാണ് എനിക്കു മനസ്സിലായിട്ടുള്ളത്. എന്നാൽ, MCA യുടെ ജില്ലാ നേതൃത്വത്തിലേക്കു ഗൂഡോദ്ദേശത്തോടുകൂടി കടന്നുവന്ന ചില കോൺഗ്രസ്സ്കാരുടേയും എക്കാലത്തും കോൺഗ്രസ്സിന്റെ മുഖപ്പത്രം എന്ന നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന മലയാള മനോരമയുടേയും സ്വാധീനത്തിൽ അച്ചൻ അകപ്പെട്ടതായി മനസ്സിലാക്കുന്നു.

മണിപ്പൂർ വിഷയത്തിലും ഛത്തീസ്‌ഗഡ് സംഭവത്തിലും കോൺഗ്രസ്സ് പാർട്ടി എടുത്ത നിലപാടുകൾക്ക് ഇടവക സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന് അറിയിക്കുവാൻ വികാരിയച്ചൻ വല്ലാതെ അധ്വാനിക്കുന്നതായി കണ്ടു. മണിപ്പൂരിൽ നടന്നത് രണ്ടു ഗോത്രങ്ങൾ തമ്മിൽ ദശകങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കലഹങ്ങളുടെ തുടർച്ചയാണെന്നും രണ്ടു കൂട്ടരുടേയും ദേവാലയങ്ങൾ തകർക്കപ്പെടുന്നുണ്ടെന്നും അവയെ ക്രൈസ്തവർക്കെതിരായി ഹിന്ദുക്കൾ നടത്തുന്ന അക്രമമായി ചിത്രീകരിക്കരുതെന്നും മലങ്കര കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ അഭ്യർത്ഥിച്ചതിന്റെ അടുത്ത ദിവസം തന്നെ ബിജെപി ഒരു സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ ക്രൈസ്തവർക്കെതിരെ ഇതുപോലെയുള്ള അക്രമങ്ങൾ ഉണ്ടാവുമെന്ന് മനോരമയുടെ എഡിറ്റർ രാജു മാത്യുവിന് പ്രസംഗിക്കുവാൻ തിരുഹൃദയ ദേവാലയം തന്നെ വേദിയാക്കി. അതായത്, ഒരു സഭയുടെ തലവൻ പറഞ്ഞതിനെതിരായി വിശ്വാസ സമൂഹത്തിനെ ഇളക്കിവിടൻ ആ സഭയിലെ ഒരു ദേവാലയം തന്നെ ദുരുപയോഗിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് MCA അടൂർ യൂണിറ്റിന്റെ സെക്രട്ടറി സ്ഥാനം ഞാൻ അന്നുതന്നെ രാജി വെക്കുകയുമുണ്ടായി.

എന്നാൽ, ക്രൈസ്തവ യുവതികളെ ലക്ഷ്യമാക്കി ആസൂത്രിതമായി ഒരുക്കുന്ന ലഹരി/മയക്കുമരുന്ന്/പ്രണയ കെണിയിൽ നമ്മുടെ കുട്ടികൾ വീഴാതെ സൂക്ഷിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് ഒരു എട്ടുനോമ്പിന് പള്ളിയിൽ പ്രസംഗിച്ചപ്പോൾ കേരളത്തിലെങ്ങും കത്തോലിക്കാ സഭയിലെ പിതാക്കന്മാർക്കെതിരെ അസഭ്യവർഷം ചൊരിഞ്ഞവർക്കെതിരെ ഒരു പ്രതിഷേധവും ഈ ദേവാലയത്തിൽ കണ്ടില്ല. നാനൂറ്റിയമ്പതോളം ക്രൈസ്തവരുടെ കിടപ്പാടവും ഭൂമിയും വഖഫ് ബോർഡ്‌ തട്ടിയെടുത്തപ്പോൾ ഏതാണ്ട് ഒരു വർഷത്തോളം മുനമ്പം പള്ളിയംഗങ്ങൾ സമരം ചെയ്തു. നമ്മുടെ പള്ളിയിലെ ആരും ഇത് കണ്ടതായി നടിച്ചില്ല.

അടൂർ തിരുഹൃദയപ്പള്ളി സ്വീകരിക്കുന്ന നയം വളരെ വ്യക്തമാണ്. ഏതു പ്രശ്നമുണ്ടായാലും അത് കോൺഗ്രസ്സിന് എന്തെങ്കിലും മെച്ചമുണ്ടാക്കുമെങ്കിൽ വലിയ ബഹളവും മൗനജാഥയും ഒക്കെ നടത്തുക. ഇന്ത്യാ മഹാരാജ്യം കഴിഞ്ഞ 11 വർഷമായി ഭരിക്കുന്ന ബിജെപിക്ക് ഏതെങ്കിലും രീതിയിലുള്ള നേട്ടമുണ്ടാവുമോയെന്ന് ഭയന്ന് ക്രൈസ്തവരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതികരിക്കാതിരിക്കുക. പുറമേ ദൈവാരാധനയുടേയും വചന പ്രഘോഷണത്തിന്റെയും മായാക്കാഴ്ചകളും ശബ്ദകോലാഹലങ്ങളും പുറപ്പെടുവിച്ചുകൊണ്ട് പിന്നിൽക്കൂടി വില കുറഞ്ഞ രാഷ്ട്രീയം പയറ്റുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

കഴിഞ്ഞ രണ്ടു വർഷമായി പള്ളിയിലെ ആരാധനയിൽ പങ്കെടുക്കുന്നത് ഞായറാഴ്ചകളിൽ മാത്രമായി ഞാൻ പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോൾ അതും നിർത്തേണ്ട ഒരവസ്ഥയിൽ എത്തിയിരിക്കുകയാണ്. കോൺഗ്രസ്സിന്റെ ഓഫീസിൽ കോൺഗ്രസ്സ്കാരൻ അല്ലാത്തവൻ പ്രവേശിക്കുമ്പോൾ തോന്നുന്ന അപരിചിതത്വം ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ എനിക്കും അനുഭവപ്പെടുകയാണ്.

ഈ പശ്ചാത്തലത്തിൽ ഞങ്ങളുടെ പള്ളിയിലെ വികാരിയച്ചന് ഞാൻ അയച്ച ഒരു തുറന്ന കത്തുകൂടി ഇവിടെ കൊടുക്കുന്നു.

പ്രിയപ്പെട്ട ശാന്തനച്ചൻ:

ഞാൻ അച്ചനയച്ചുതന്ന ഷെക്കീനാ ടിവി യുടെ വീഡിയോ അച്ചൻ കണ്ടോ എന്നെനിക്കറിയില്ല. പക്ഷെ, ഈ വീഡിയോ കാണണം എന്ന് അപേക്ഷിക്കുകയാണ്. (വീഡിയോ കാണുക). →

സംഘടിതമായി നമ്മുടെ പെൺകുട്ടികളെ മതംമാറ്റ മാഫിയാ എങ്ങിനെ വലയിൽ വീഴ്ത്തുന്നുവെന്ന് കത്തോലിക്കാ സഭയിലെ ഒരു വൈദീകൻ തന്നെ വിവരിക്കുകയാണ്. തലയിൽ എന്തെങ്കിലുമുള്ള വൈദീകരും (തലയിലെ മുടിയല്ല ഉദ്ദേശിച്ചത്, അത് എനിക്കും കുറവാണ്.) കത്തോലിക്കാസഭയിൽ ഉണ്ടെന്നത് ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്ന എനിക്കു വലിയ അഭിമാനബോധം ഉളവാക്കുന്നു.

തീവ്ര മതബോധമുള്ള ഒരു വ്യക്തിയല്ല ഞാൻ. സ്വതന്ത്ര ചിന്താഗതിയോടുകൂടി വളരുവാനാണ് അധ്യാപകരായിരുന്ന എന്റെ മാതാപിതാക്കൾ എന്നെ ശീലിപ്പിച്ചത്. ബാല്യത്തിൽ തന്നെ ജവഹർലാൽ നെഹ്രുവിന്റെയും മഹാത്മാ ഗാന്ധിയുടെയും പുസ്തകങ്ങൾ വായിക്കുവാനാണ് എന്നെ അവർ പ്രേരിപ്പിച്ചത്. "ഒരു ജാതി, ഒരു ദൈവം മനുഷ്യന്", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്നൊക്കെയുള്ള ഗുരു വചനങ്ങൾ കൗമാര പ്രായത്തിൽ തന്നെ എന്റെ അസ്ഥിക്ക് പിടിച്ചിട്ടുള്ളതാണ്.

എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതുതന്നെ ഞാനും എന്റെ മക്കൾക്ക് കൈമാറുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. 1995-96 കാലഘട്ടത്തിൽ ഞാൻ സൗദിയിൽ നിന്നും അവധിക്കു വരുമ്പോഴൊക്കെ "നിങ്ങൾക്ക് ഏത് മതത്തിൽ വിശ്വസിക്കുന്നവരേയും നിങ്ങളുടെ ജീവിതപങ്കാളികളായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്; ഞാൻ എതിരു നിൽക്കില്ല" എന്ന് എന്റെ മക്കളോട് പരസ്യമായി പറയുമായിരുന്നു. അവർ ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയില്ലയെന്നത് എന്റെ സുകൃതം. എന്നാൽ, അവരുടെ സമകാലീനരായ പലരും (മുൻ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ദിവ്യ, കീരിക്കൽ രാജന്റെ മകൾ ലീന മുതലായവർ) മുസ്ലിം സമുദായത്തിൽ നിന്നും ജീവിത പങ്കാളികളെ കണ്ടെത്തി. പക്ഷെ അവർ കണ്ടെത്തിയ ജീവിത പങ്കാളികൾ ആരും മതഭ്രാന്തരായിരുന്നില്ല; ആ വിവാഹങ്ങളെല്ലാം അനശ്വര പ്രണയത്തിൻറ്റെ ജീവിക്കുന്ന സാക്ഷ്യങ്ങളായി ഇപ്പോഴും നിലനിൽക്കുന്നു.

15 വർഷത്തെ എയർഫോഴ്‌സ് സേവനം ഉൾപ്പെടെ 44 വർഷം ഞാൻ കേരളത്തിനു വെളിയിലായിരുന്നു. 2015 ൽ തിരികെ നാട്ടിലെത്തിയപ്പോൾ പുതിയ പള്ളിയുടെ പണി ആരംഭിക്കുന്ന സമയമായിരുന്നു. അടൂരിലെ വീട്ടിൽ രണ്ടു ദിവസം താമസിച്ചതിനുശേഷം ബാംഗ്ലൂരിലെ വീട്ടിലേക്ക് പോകാമെന്നു കരുതി വന്നപ്പോളാണ് ഏതോ ക്ലീനിങ് ഉപകരണങ്ങൾ വാങ്ങാനായി ആശാ ഫാൻസി സൂപ്പർ മാർക്കറ്റിൽ പോകേണ്ടി വന്നത്. അപ്പോൾ തന്നെ ബിജോയി (എൻ.ഐ അലക്സാണ്ടർ, നെല്ലിമൂട്ടിൽ) നെടിയത്തച്ചനെ വിളിച്ചു പള്ളിപണി സമയത്ത് ട്രസ്റ്റി അകാൻ ആളെ തപ്പി നടക്കുകയല്ലേ, ഒരാൾ വന്നിട്ടുണ്ട് എന്ന് പറഞ്ഞിട്ടാവണം, വീടിന്റെ ക്ലീനിങ് നടക്കുന്ന സമയത്തുതന്നെ നെടിയത്തച്ചന്റെ അംബാസ്സഡർ കാർ ഗേറ്റിൽ വന്നു. ഒരു ബർമുഡായും ടീ ഷർട്ടും മാത്രം ധരിച്ചിരുന്ന ഞാൻ ഒന്നു പരുങ്ങി. എന്റെ പരുങ്ങൽ കണ്ടപ്പോൾ അച്ചൻ പറഞ്ഞു "അതൊന്നും സാരമില്ല; പള്ളിയുടെ ഭരണം ഏറ്റെടുക്കണം, ട്രസ്റ്റിയാകണം, ഞായറാഴ്ച്ച തെരഞ്ഞെടുപ്പാണ്, അന്ന് പള്ളിയിൽ ഉണ്ടായിരിക്കണം".

18 വയസ്സുവരെ എന്നെ ഞാനാക്കാൻ സഹായിച്ചതിൽ ഒരു വലിയ പങ്ക് ഈ ദേവാലയം വഹിച്ചിട്ടുണ്ടല്ലോ, എന്റെ കഴിവനുസരിച്ച് എന്തെങ്കിലും തിരികെ കൊടുക്കണം എന്ന ചിന്തകൊണ്ടു മാത്രമാണ് 2028 വരെ (എന്റെ 75 വയസ്സുവരെ) ഖത്തർ എയർപോർട്ടിൽ തുടരാവുന്ന ജോലി വേണ്ടായെന്ന് വെച്ച് ഈ പള്ളിയുടെ ട്രസ്റ്റി ആകാൻ അന്ന് സമ്മതം മൂളിയത്.

മൂന്ന് വർഷം പള്ളിയുടെ ട്രസ്റ്റി ആയിരുന്നതുകൊണ്ട് ഞാൻ ഒരു മത മൗലീകവാദി ആണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടാവണം. അച്ചനും അങ്ങിനെയൊരു ചിന്തയുണ്ടോയെന്ന് ഞാൻ സംശയിക്കുന്നു. മുൻപ് ഇവിടെയുണ്ടായിരുന്ന വികാരിമാർക്കൊക്കെ സത്യം അറിയാമെങ്കിലും അച്ചന് എന്തോ തെറ്റിദ്ധാരണ ഉണ്ടെന്നുള്ള ഒരു തോന്നൽ ഉണ്ടായതുകൊണ്ടാണ് ഇത്രയും എഴുതിയത്.

2018 ൽ ട്രസ്റ്റിസ്ഥാനം ഒഴിഞ്ഞതിനു ശേഷമാണ് ഞാൻ ബിജെപി അംഗത്വം പരസ്യമായി എടുത്തത്. പള്ളിയിലെ വലിയ ആളാണ്, എന്റെ കൂടെ കുറേ ആളുകളുണ്ട് എന്നൊക്കെ റാസയുടെ മുൻപിൽ നെഞ്ച് വിരിച്ചുനടന്ന് ഫോട്ടോയെടുത്തു കൊടുത്ത് പാർട്ടിയിൽ വെച്ചടി വെച്ചടി കയറാൻ ഞാൻ ശ്രമിച്ചിട്ടില്ല. എനിക്ക് അങ്ങിനെയുള്ള വ്യാമോഹങ്ങളുമില്ല.

കേരളത്തിൽ ക്രിസ്ത്യാനികളുടെ വോട്ടുകൊണ്ട് ഭരണത്തിൽ വരാൻ കഴിയുമെന്ന് ചില ബിജെപിക്കാർ ചിന്തിക്കുന്നുണ്ട്. ഞാൻ വളരെ അവജ്ഞയോടെയാണ് അവരെ കാണുന്നത്. കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ വരരുതേയെന്നാണ് എന്റെ പ്രാർത്ഥന. കാരണം, കോൺഗ്രസ്സുകാരും കമ്യുണിസ്റ്റ്കാരുമാണല്ലോ ബിജെപി യിലേക്ക് ഒഴുകിയെത്തുന്നത്? പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവില്ല!

പക്ഷെ, ഷെക്കീനാ ടിവിയുടെ ഈ വിഡിയോയിൽ പറയുന്നതുപോലെ, നമ്മുടെ പെൺകുട്ടികളെ പ്രണയം അഭിനയിച്ച് ചതിക്കുഴിയിൽ അകപ്പെടുത്താൻ തക്കം പാർത്തിരിക്കുന്നവർക്കെതിരെ ഒരു മുരൾച്ച ശബ്ദം പോലും പുറപ്പെടുവിക്കാൻ തിരുഹൃദയപ്പള്ളിയിലെ വികാരിക്കോ എംസിഎ എന്ന സംഘടനക്കോ സാധിക്കുന്നില്ലായെന്നത് ദുഖകരമാണ്. ഛത്തീസ്ഗഡ് സംഭവ സമയത്തു പ്രതിഷേധിച്ചപ്പോൾ വായിലൊട്ടിച്ച കറുത്ത ടേപ്പും കത്തിച്ച മെഴുകുതിരികളും ഇപ്പോളും അടൂരിലെ കടകളിൽ ലഭ്യമാണ്.

സസ്നേഹം,
മാത്യൂസ് ജേക്കബ് പടിപ്പുരയിൽ
17-Aug-2025

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം

ഛത്തീസ്ഗഡ് ... നിക്കോദിമോസിൻറ്റെ ഡാഷ്

അന്തമില്ലാത്ത മതപ്രീണനം

ഛത്തീസ്ഗഡിൽ ബിജെപി അകപ്പെട്ടിരിക്കുന്ന കെണി

കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയോ?