അന്തമില്ലാത്ത മതപ്രീണനം

By Mathews Jacob August 01, 2025 10 min read

ക്രിസ്ത്യൻ മതമേലക്ഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് എന്തെങ്കിലും രാഷ്ട്രീയ നേട്ടം കേന്ദ്രതലത്തിലോ സംസ്ഥാനതലത്തിലോ കൈവരിക്കാമെന്ന് ഏതെങ്കിലും ബിജെപി നേതാക്കൾ സ്വപ്നം കാണുന്നുണ്ടെങ്കിൽ അത് സ്വപ്നമായി തന്നെ അവശേഷിക്കും. കാരണം, എല്ലാ ക്രൈസ്തവ സഭകൾക്കും അവരുടേതായ വ്യാമോഹങ്ങൾ ഉണ്ട്. അവ സാക്ഷാൽക്കരിക്കാനുള്ള മാർഗ്ഗമായി മതമേലധ്യക്ഷന്മാർ ഈ സൗഹൃദം ദുരുപയോഗിക്കും.

Featured Image

മതപ്രീണനം മാത്രം ഇന്ധനമായി ഉപയോഗിച്ച് അധികാരത്തിലെത്തുകയും അധികാരം നിലനിർത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കണ്ടു മടുത്താണ് ഞാൻ ബിജെപിയിൽ ചേർന്നത്. ബിജെപിയും അതുവഴി തന്നെ നീങ്ങുന്നത് കാണുമ്പോൾ ഈ പാർട്ടിയും അട്ടിമറിക്കപ്പെട്ടുവോയെന്ന് സംശയിക്കുകയാണ്.

ഛത്തീസ്‌ഗഡ് സംഭവത്തിനു ശേഷം ബിജെപിയുടെ ക്രിസ്ത്യൻ വോട്ടുബാങ്ക് ഒലിച്ചുപോയിയെന്ന് ആശ്വസിക്കുന്ന മറ്റു പാർട്ടിക്കാരുണ്ട്. അവർ ആശ്വസിക്കട്ടെ! അങ്ങിനയൊരു വോട്ട് ബാങ്ക് ഇല്ലായെന്നതാണ് വാസ്തവം. തമ്മിൽ കലഹിച്ചു കഴിയുന്ന സഭകളിലെ ആളുകൾക്ക്‌ എങ്ങിനെ വോട്ട് ബാങ്ക് ആയി മാറാൻ കഴിയും? മാർപ്പാപ്പയെ അനുസരിക്കാത്ത കുഞ്ഞാടുകൾ ലോക്കൽ പോപ്പ് പറയുന്നത് കേൾക്കുമോ? ഞാനും ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവനാണ്. ഏതെങ്കിലും പുരോഹിതൻ ആർക്കെങ്കിലും വോട്ട് ചെയ്യണമെന്ന് പറയുന്നത് ഞാൻ കേട്ടിട്ടില്ല. എല്ലാ പാർട്ടിക്കാരുമുള്ള ഒരു സമൂഹത്തിൽ അങ്ങിനെ പറയുവാൻ ഒരു പുരോഹിതനും ധൈര്യപ്പെടില്ല എന്നതാണ് വാസ്തവം.

ഇത്രയൊക്കെ ബഹളം സഭാനേതൃത്വം നടത്തുമ്പോഴും ഇന്ന് തൃശ്ശൂരിൽ അനേകം ക്രിസ്ത്യാനികൾ ബിജെപിയിൽ അംഗത്വമെടുത്തു (വീഡിയോ കാണുക). → ബിജെപിക്കു വോട്ട് ചെയ്യാനും ബിജെപിയിൽ ചേരാനും തീരുമാനിച്ച ക്രൈസ്തവരെ ഒരു രീതിയിലും ഈ വിവാദങ്ങൾ ബാധിക്കുന്നില്ലായെന്നല്ലേ ഇതൊക്കെ തെളിയിക്കുന്നത്? മതപരിവർത്തനവും മനുഷ്യക്കടത്തും പോലെയുള്ള ലജ്ജാകരമായ പ്രവർത്തികൾക്കെതിരെ രോഷം കൊള്ളുന്ന ധാരാളം ക്രൈസ്തവരെ എനിക്കു നേരിട്ടറിയാം.

അഥവാ, അങ്ങിനെയൊരു വോട്ടുബാങ്ക് ഉണ്ടെന്നു തന്നെ കരുതുക. ബിജെപിക്ക് അത്‌ വേണ്ടാ, അതു വാങ്ങി അധികാരത്തിൽ എത്തേണ്ട എന്നു കരുതുകയല്ലാതെ മറ്റെന്തു ചെയ്യാൻ കഴിയും? ഇവിടെ പെന്തകോസ്ത് പാസ്റ്റർമാരും ബിഷപ്പ്മാരും ആവശ്യപ്പെടുന്നതുപോലെ ഛത്തീസ്‌ഗഡിലും വടക്കേയിന്ത്യയുടെ മറ്റു ഭാഗങ്ങളിലും ബേജ്റങ് ദളിനെയും മറ്റു ഹൈന്ദവ സംഘടനകളെയും നിരോധിച്ചു ഇവർക്ക് മതപരിവർത്തനവും മനുഷ്യക്കടത്തും നടത്താൻ സൗകര്യം ഒരുക്കിക്കൊടുക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന് കഴിയുമോ? അവരതിനു തയ്യാറാവുമോ? പോലീസിനും പട്ടാളത്തിനും കടന്നുചെല്ലാൻ കഴിയാതിരുന്ന നക്സൽ മേഖലകളിൽ ഇവർ ഇത്രനാളും പ്രവർത്തിച്ചിരുന്നുവെങ്കിൽ സി.ആർ.പി.എഫ് ജവന്മാരെയും സർക്കാരുദ്യോഗസ്ഥരെയും കൊന്നൊടുക്കാൻ നക്സൽ തീവ്രവാദികൾക്ക് ആയുധങ്ങളും മറ്റും വാങ്ങാൻ ഇവരിൽനിന്നും പണം ലഭിച്ചിട്ടുണ്ടോയെന്നു ആ സംസ്ഥാനസർക്കാരുകൾ അന്വേഷിക്കുമ്പോഴും ഈ പ്രശ്നം വീണ്ടും പൊന്തിവരില്ലേ?

കന്യാസ്ത്രീകൾക്ക് മേൽ ഇതിനുമുമ്പും ഛത്തീസ്‌ഗഡിലും കേരളത്തിൽ തൃശ്ശൂരിലും ഒക്കെ ഇതുപോലെ മനുഷ്യക്കടത്തിനു കേസുകൾ എടുത്തിട്ടുണ്ട്; നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന നിലപാടെടുത്തു വളരെ കൂളായി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നത്തെ അനാവശ്യമായ പരിഭ്രമത്തോടുകൂടിയാണ് കേരളത്തിലെ ബിജെപി അഭിമുഖീകരിച്ചത്. ഇത് ബിജെപി എന്ന പാർട്ടിക്കും എന്നെപ്പോലെയുള്ള ബിജെപി പ്രവർത്തകർക്കും വലിയ നാണക്കേടുണ്ടാക്കി എന്നു പറയാതിരിക്കാൻ കഴിയില്ല.

സഭാനേതാക്കളോട് ഒരിക്കൽ സന്ധി ചെയ്താൽ അവർ തോളിൽ കയറി നിരങ്ങും. സത്യത്തിൽ ഇവരെ നിർത്തേണ്ടയിടത്തു എങ്ങിനെ നിർത്തണമെന്ന് പിണറായി വിജയനിൽനിന്നും പഠിക്കേണ്ടിയിരിക്കുന്നു. “നികൃഷ്ടജീവി” പ്രയോഗത്തിൽ അദ്ദേഹം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ, എപ്പോഴും അധികാരത്തിലെത്താൻ പിണറായിയെ സഹായിച്ചിട്ടുള്ളതും ഈ സഭാനേതാക്കളായിരുന്നു താനും. പൂട്ടിയിട്ടിരുന്ന കുറേ ബാറുകൾ തുറന്നുകൊടുത്തപ്പോൾ ഉമ്മൻചാണ്ടി സർക്കാരിനെ 24 മണിക്കൂറിനുള്ളിൽ താഴെ ഇറക്കും എന്നു ഭീഷണിപ്പെടുത്തിയവർ, കേരളത്തിന്റെ മുക്കിലും മൂലയിലും എല്ലാം ബാറുകളും മയക്കുമരുന്നു കച്ചവടകേന്ദ്രങ്ങളും തുറന്നവരുടെ മുൻപിൽ എന്തു ഭവ്യതയോടുകൂടിയാണ് നിൽക്കുന്നതെന്ന് നോക്കൂ.

വർഗ്ഗീയ ശക്തികളുടെ വോട്ട് ഞങ്ങൾക്കു വേണ്ടാ എന്ന ഇ.കെ നായനാരുടെ പ്രഖ്യാപനവും ഓർമ്മയിൽ വരുന്നു. പള്ളിയെ തള്ളിപ്പറഞ്ഞുവന്നാൽ മുന്നണിയിൽ പ്രവേശനം തരുന്നത് പരിഗണിക്കാമെന്ന് പി. ജെ ജോസഫിനോട് പറയുവാൻ ആർജ്ജവം ഉണ്ടായിരുന്ന നേതാക്കളുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വലിയ നിരാശ തോന്നുന്നു. മതമില്ലാത്ത ജീവൻ എന്ന പാഠപുസ്തകം പിൻവലിക്കേണ്ടിവന്നത് ഒരു തുടക്കം മാത്രമായിരുന്നു.

ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം

ഛത്തീസ്ഗഡ് ... നിക്കോദിമോസിൻറ്റെ ഡാഷ്

ഛത്തീസ്ഗഡിൽ ബിജെപി അകപ്പെട്ടിരിക്കുന്ന കെണി/a>

കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് കള്ളക്കേസോ?

തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?