കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയോ?
2000 നവംബർ1 നാണ് മദ്ധ്യപ്രദേശ് പുനസംഘടനാ നിയമംമൂലം ഛത്തീസ്‌ഗഡ് സംസ്ഥാനം നിലവിൽ വന്നത്. ജനസംഖ്യയുടെ 50% എങ്കിലും പട്ടികവർഗ്ഗ (ആദിവാസി/വനവാസി) വിഭാഗക്കാരായിരുന്നു ഈ മേഘലയിൽ എന്നായിരുന്നു പൂർവ്വകാല സെൻസസുകളുടെ അടിസ്ഥാനത്തിൽ കരുതിയിരുന്നത്. അതുകൊണ്ടുതന്നെ, ആദിവാസി/വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിന് എല്ലാ രീതിയിലും മുൻതൂക്കം കൊടുക്കുന്ന ഒരു സംസ്ഥാനമായിരിക്കും പുതിയ സംസ്ഥാനം എന്ന കാഴ്ചപ്പാടിലാണ് ഛത്തീസ്‌ഗഡ് സംസ്ഥാനത്തിനു രൂപം കൊടുത്തത്.
എന്നാൽ, 2011 ലെ സെൻസസ് പ്രകാരം ഛത്തീസ്‌ഗഡിലെ പട്ടികവർഗ്ഗ (ആദിവാസി/വനവാസി) ജനസംഖ്യ വെറും 30.62% മാത്രമേയുള്ളൂ എന്ന് തിരിച്ചറിയുകയുണ്ടായി. വലിയ ഒരു വംശീയ ഉൽമ്മൂലനം ഇവിടെ നടന്നുവെന്നു ലോകമെമ്പാടുമുള്ള ഗോത്ര വർഗ്ഗങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾക്ക് ആ അവസരത്തിൽ ബോധ്യമായി.
എങ്ങിനെയാണ് ഛത്തീസ്ഗഡിലെ ജനസംഖ്യാ ശാസ്ത്രത്തിൽ ഈ വലിയ മാറ്റം ഉണ്ടായത്? വനസമ്പത്തും മനുഷ്യശക്തിയും ചൂഷണം ചെയ്തുകൊണ്ടിരുന്ന മാഫിയാ സംഘങ്ങൾ രണ്ടു ശക്തികളെ ഇതിനുവേണ്ടി ഉപയോഗിച്ചു. ഒന്ന് സ്വാതന്ത്ര്യലബ്‌ദിക്കു ശേഷം ഭാരതത്തിൽ തല പൊക്കിയ മാവോയിസ്റ്റുകൾ. രണ്ട്, എങ്ങിനെയും കൂടുതൽ ആളുകളെ ക്രൈസ്തവരാക്കിയാൽ ചുളുവിൽ സ്വർഗ്ഗരാജ്യത്തെത്താമെന്നു സ്വപ്നം കാണുന്ന ഇവാൻജലിസ്റ്റുകൾ. വികസന പ്രവർത്തനങ്ങൾ ഈ മേഖലയിൽ എത്തിക്കാൻ സർക്കാരുകൾ നിയോഗിച്ച ആയിരക്കണക്കിന് ഉദ്യോഗസ്ഥരേയും CRPF ജവാന്മാരെയും ഈ മാഫിയാ സംഘങ്ങളുടെ കാവലാളുകളായ മാവോയിസ്റ്റുകൾ ഇതിനകം വകവരുത്തിയിട്ടുണ്ട്.
സ്വാതന്ത്ര്യാനാന്തരം ഭാരതത്തിലെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പട്ടികവർഗ്ഗ (ആദിവാസി/വനവാസി) വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള അനേകം പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു, ഭീമമായ തുകകൾ ഓരോ വർഷവും ചെലവഴിച്ചിരുന്നു.
പക്ഷെ, സർക്കാർ ഖജനാവിൽ നിന്നും പോയ അനേകായിരം കോടി രൂപയോ അതിന്റെ ഗുണമോ ഒന്നും ആദിവാസികൾക്ക് ലഭിച്ചില്ല. പണം വായുവിൽ അലിഞ്ഞു ചേരാൻ ഒരു സാധ്യതയുമില്ല. ആരൊക്കെയോ സംഘടിതമായി ദരിദ്രരായ ആദിവാസി/വനവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി ധനികരായി എന്നത് ഉറപ്പ്. അത് ആരാണെന്നുള്ളത് ഈ ലേഖനത്തിൽ പരാശാമർശിക്കാത്തത് പ്രധാന വിഷയത്തിന്റെ ഗൗരവം ചോർന്നു പോകുകയും പലർക്കും പ്രധാന വിഷയത്തെ തമസ്‌ക്കരിച്ചു പുതിയ തർക്കങ്ങളിൽ ഏർപ്പെടാൻ അവസ്സരം ലഭിക്കുകയും ചെയ്യുമെന്നതുകൊണ്ടാണ്.
ആദിവാസികൾക്ക് ലഭിക്കേണ്ട പണം അടിച്ചുമാറ്റിയെന്നു മാത്രമല്ല അവർ ഏത് കഠിനഹൃദയരുടേയും മനസ്സാക്ഷിക്കു ഉൾക്കൊള്ളാൻ കഴിയാത്ത വലിയ ചൂഷണത്തിന് ഇരയാകുകയും ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് മുൻപും അതിനു ശേഷവും ഒരു വശത്ത് വനവിഭവങ്ങൾ കൊള്ളയടിക്കാനെത്തിയ മാഫിയാ സംഘം ന്യായമായ കൂലിപോലും കൊടുക്കാതെ ഇവരെ ചൂഷണം ചെയ്തപ്പോൾ മതപരിവർത്തനമെന്ന കാര്യപരിപാടിയുമായി ഇവാൻജലിസ്റ്റുകളും ആദിവാസി മേഖലകളിൽ സജീവമായിരുന്നു. മാവോയിസ്സ്റ്റുകൾ ആണ് ഇവർക്ക് ഏറ്റവും വലിയ ഉപദ്രവമായത്. സർക്കാർ ഉദ്യോഗസ്ഥരേയോ പോലീസിനെയോ പട്ടാളത്തിനെയോ ഈ ഭാഗത്തു അടുപ്പിക്കാതെ അവർ വനവിഭവങ്ങൾ കൊള്ളയടിക്കുന്നവർക്കും മതപരിവർത്തനം നടത്തുന്നവർക്കും സംരക്ഷണം ഒരുക്കി. കൽക്കത്തയിലും ആഗ്രയിലും മുംബൈയിലും ഒക്കെയുള്ള വേശ്യാലയങ്ങളിലേക്ക് ഇവിടെനിന്നും പെൺകുട്ടികളെ കടത്തികൊണ്ട് പോകുന്നത് നിത്യസംഭവമായി മാറി.
1968 ൽ മദ്ധ്യപ്രദേശ് സർക്കാർ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമവും 2013 ൽ ഛത്തീസ്‌ഗഡ് സർക്കാർ പാസ്സാക്കിയ മനുഷ്യക്കടത്തു നിരോധന നിയമവും ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി മാത്രം കൊണ്ടുവന്നവയായിരുന്നു. പക്ഷെ, കർശ്ശന നിയമങ്ങൾ നിലനിൽക്കുമ്പോളും ആദിവാസിചൂഷണം തുടർക്കഥയായി.
ഛത്തീസ്‌ഗഡിൽ 2023 ഡിസംബർ 13 ന് അധികാരമേറ്റ വിഷ്ണു ഡിയോ സായി സർക്കാർ കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ 2014 മുതൽ പിന്തുടരുന്ന അഴിമതിരഹിത ഭരണം മാതൃകയാക്കി ആദിവാസി ക്ഷേമപദ്ധതികൾ ഛത്തീസ്ഗഡിലും ഊർജ്ജിതമാക്കാൻ പ്രതിജ്ഞാബദ്ധമാണ്. ആദിവാസി ചൂഷണം നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശ്ശനമായി പ്രയോഗിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രവർത്തിക്കുകയാണ്. മാവോയിസ്റ്റുകളുടെ എണ്ണം നാമമാത്രമായി ചുരുങ്ങി. പല മാവോയിസ്റ്റുകളും ആയുധം താഴെ വെച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി.
ഈ പശ്ചാത്തലത്തിൽ മേൽപ്പറഞ്ഞ മതപരിവർത്തന നിരോധന നിയമത്തിലെ ഒരു നിബന്ധന പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മതപരിവർത്തനം ചെയ്യുവാൻ ആഗ്രഹിക്കുന്ന വ്യക്തി 30 ദിവസം മുൻപ് ജില്ലാ മജിസ്‌ട്രേട്ടിനെ രേഖാമൂലം അറിയിക്കുകയും മതപരിവർത്തനത്തിനു ശേഷം തിരിച്ചറിയൽ കാർഡിൽ വേണ്ട തിരുത്തലുകൾ വരുത്തിയെന്ന് ഉറപ്പാക്കുകയും ചെയ്യണം. (1968 ൽ കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന നിയമത്തിലെ നിബന്ധനയാണ്. പുതിയ ബിജെപി സർക്കാർ കൊണ്ടുവന്ന നിയമമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.)
മനുഷ്യക്കടത്തു നിരോധന നിയമം എന്നു സാധാരണയായി പറയുമെങ്കിലും ഈ നിയമത്തിന്റെ യഥാർത്ഥ തലക്കെട്ട് “Chhattisgarh Private Placement Agencies (Regulation) Act, 2013” എന്നാണ്. ലൈസൻസോടുകൂടി ആർക്കും സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായി ഈ നിയമത്തിന്റെ പിൻബെലത്തിൽ ഛത്തീസ്‌ഗഡിൽ പ്രവർത്തിക്കാം. സംസ്ഥാനത്തിനു വെളിയിലേക്ക് ആദിവാസികളെ ജോലിക്ക് കൊണ്ടുപോകുന്നവർ നിർബന്ധമായും ഇത്തരം ഏതെങ്കിലും ഏജൻസി മുഖാന്തിരം യാത്രാരേഖകൾ തയ്യാറാക്കുകയും അവ റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുകയും വേണം. രേഖകളില്ലാതെ ആദിവാസികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് മനുഷ്യക്കടത്തായി കണക്കാക്കും എന്നാണ് ഈ നിയമത്തിൽ വിവക്ഷിച്ചിട്ടുള്ളത്. (2013 ലും ബിജെപി സർക്കാർ ആയിരുന്നില്ല ഛത്തീസ്ഗഡിൽ അധികാരത്തിൽ ഉണ്ടായിരുന്നത് എന്ന് ഓർക്കുക.)
കന്യാസ്ത്രീകൾക്കെതിരായി ചുമത്തപ്പെട്ട കുറ്റങ്ങൾ മേൽപ്പറഞ്ഞ നിയമങ്ങളുടെ വകുപ്പുകൾ അനുസരിച്ചാണ്. മതപരിവർത്തനം നിയമാനുസൃതമാണെന്ന് തെളിയിക്കുന്ന ജില്ലാ മജിസ്‌ട്രേട്ടിന്റെ ഓഫീസിലെ രേഖകളും ജോലിക്കായി കൊണ്ടുപോകുകയാണെന്നു തെളിയിക്കുന്ന പ്രൈവറ്റ് പ്ലേസ്മെൻറ്റ് ഏജൻസിയുടെ രേഖകളും റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ തന്നെ കൊടുത്തിരുന്നുവെങ്കിൽ ഈ കേസ് കോടതിവരെ എത്തില്ലായിരുന്നു.
ജാമ്യം മാത്രമേ ഇപ്പോൾ കിട്ടിയിട്ടുള്ളു. ഈ രേഖകൾ സമർപ്പിച്ചാൽ വിചാരണ വേളയിൽ കേസിൽനിന്നും ഊരിപ്പോകാം. കക്കാൻ പോയാൽ നിക്കാനും പഠിക്കണമെന്ന ഒരു ചൊല്ലുണ്ട്. പാവം കന്യാസ്ത്രീകളെ ഈ ദൗത്യത്തിന് ഉപയോഗിച്ചവർ മണ്ടത്തരം കാട്ടി എന്നേ ഈ അവസ്സരത്തിൽ പറയുവാൻ പറ്റൂ. കേസ് കള്ളക്കേസാണോ എന്ന ചോദ്യത്തിൻറ്റെ ഉത്തരം ഇത് വായിക്കുന്നവർ അവരുടെ യുക്തിക്ക് അനുസ്സരിച്ച് കണ്ടെത്തട്ടെ.
ആദിവാസികളും മനുഷ്യരാണ്. അവരുടെ പണമോ സ്വത്തോ അടിച്ചുമാറ്റുന്നത് ഒരു പക്ഷെ ദൈവം ക്ഷമിച്ചേക്കും. പക്ഷെ, ബാല്യത്തിലും കൗമാരത്തിലും ഒക്കെ അവിടുത്തെ കുട്ടികളെ മാതാപിതാക്കളിൽ നിന്നും അടർത്തിമാറ്റി വേശ്യാലയങ്ങളിൽ അകപ്പെടുത്തുന്നതിനോ പണക്കാരായ മലയാളികളുടെ വീടുകളിൽ അടിമപ്പണി ചെയ്യുന്നതിനോ കടത്തിക്കൊണ്ടുപോകാൻ കൂട്ടുനിൽക്കുന്നവർ ഏതു വേഷധാരികളായാലും ശപിക്കപ്പെട്ട ജന്മങ്ങളാണ്. തലമുറകളോളം ഈ ശാപം നിലനിൽക്കും.
തണ്ണിത്തോട് ഭാഗത്തുള്ള ഒരു തോട്ടം മുതലാളിയുടെ വീട്ടിൽ 1984 ൽ ആ വീട്ടിലെ മൂത്തമകൻ മദ്ധ്യപ്രദേശിലെ ജോലിയിൽനിന്നും വിരമിച്ചു വന്നപ്പോൾ ഒരു ആദിവാസി യുവതിയെക്കൂടി വീട്ടുജോലിക്കായി കൊണ്ടുവന്നു. വീട്ടുജോലിക്ക് ആളിനെകിട്ടാതെ വലഞ്ഞിരുന്ന അപ്പനും അമ്മയ്ക്കും വലിയ സന്തോഷമായി. അവർ മൂത്ത മകനെ മുക്തകണ്ഠം പ്രശംസിച്ചു. ഞാൻ എയർഫോഴ്സിൽ ജോലി ചെയ്യുന്ന സമയം ആയിരുന്നതുകൊണ്ടും എനിക്ക് ആ ഭവനത്തിൽ അത്രയും സ്വാതന്ത്ര്യം ഉണ്ടായിരുന്നതുകൊണ്ടും സർവ്വോപരി അന്ന് ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നതുകൊണ്ടും, അന്ന് അതിൻറ്റെ ധാർമ്മികതയെ ഞാൻ ചോദ്യം ചെയ്തു. അന്നും അവർ ഇതിനെ ന്യായീകരിച്ചത് പ്രായപൂർത്തിയായ പെൺകുട്ടിയാണ്, സ്വന്തം സമ്മതത്തോടുകൂടിയും മാതാപിതാക്കളുടെ അനുവാദത്തോടുകൂടിയും കൊണ്ടുവന്നതാണ് എന്നൊക്കെ പറഞ്ഞായിരുന്നു. അന്ന് 20 വയ്യസ്സ് ഉണ്ടെന്ന് പറഞ്ഞിരുന്ന അവർക്ക് ഇപ്പോൾ 61 വയസ്സായി. ജോലിയെടുപ്പിക്കുകയല്ലാതെ അവരെ വിവാഹം കഴിപ്പിക്കാനോ അവരുടെ മാതാപിതാക്കളേയും സഹോദരങ്ങളേയും കാണാൻ നാട്ടിലേക്ക് ഒരിക്കലെങ്കിലും അയക്കാനോ ആരും ശ്രമിച്ചില്ല. ഇപ്പോഴും അവർ ആ വീട്ടിൽ അടിമപ്പണി ചെയ്തു കഴിയുന്നു. ഇത്രയും വർഷം ആഹാരവും വസ്ത്രവും മാത്രം കൊടുത്ത് പണി ചെയ്യിപ്പിച്ചു വലിയ ലാഭം ഉണ്ടാക്കി. പക്ഷെ, ദൈവം തമ്പുരാൻ വിട്ടില്ല. 1980 കളുടെ അവസാനം തന്നെ ആ കുടുംബത്തിൻറ്റെ പതനം ആരംഭിച്ചു. സഹോദരങ്ങൾ കലഹിച്ചു പിരിഞ്ഞു. അപ്പനും അമ്മയും പലവിധ രോഗങ്ങളാൽ കിടപ്പുരോഗികളായി ആദിവാസി പെൺകുട്ടിയുടെ പരിചരണങ്ങൾ ഏറ്റുവാങ്ങി കാലയവനികക്കു പിന്നിലേക്ക് മറഞ്ഞു. ആദിവാസി പെൺകുട്ടിയെ കൊണ്ടുവന്ന മൂത്ത മകൻ ഭാര്യയെ വീട്ടിൽനിന്നും ഇറക്കിവിട്ടു; അവർ എറണാകുളത്തു ഒരു അനാഥാലയത്തിൽ അഭയം പ്രാപിച്ചു. അദ്ദേഹം മനസികാസ്വാസ്ഥ്യത്തെ തുടർന്ന് ദീർഘകാലം ചികിത്സയിലായി. അദ്ദേഹത്തിന്റെ ഒരേയൊരു മകനും വർഷങ്ങളോളം ഭ്രാന്താശുപത്രിയിലെ അന്തേവാസിയായി. സ്വന്തം അപ്പനെയും അമ്മയെയും പിരിഞ്ഞു മറ്റൊരു ആവാസ വ്യവസ്ഥയിലേക്കു പറിച്ചുനടപ്പെട്ട, ഒരിക്കൽ പോലും ചിരിച്ചുകണ്ടിട്ടില്ലാത്ത, കേരളത്തിലെ ഒരു മുതലാളിയുടെ വീട്ടിൽ ജീവിതം ഹോമിക്കാൻ വിധിക്കപ്പെട്ട, വിമലയെന്ന ആ ആദിവാസി സ്ത്രീക്ക് ഈ കുറിപ്പുകൾ സമർപ്പിക്കുന്നു.
ഈ ലേഖനവുമായി ബന്ധപ്പെട്ട മറ്റു ഭാഗങ്ങൾ
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവംഛത്തീസ്ഗഡ് ... നിക്കോദിമോസിൻറ്റെ ഡാഷ്
അന്തമില്ലാത്ത മതപ്രീണനം
ഛത്തീസ്ഗഡിൽ ബിജെപി അകപ്പെട്ടിരിക്കുന്ന കെണി
തിരുഹൃദയപ്പള്ളി കോൺഗ്രസ്സിന്റെ മണ്ഡലം ഓഫീസായി മാറിയോ?